ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ 11 മണിക്ക് വര്‍ഷാരംഭത്തിലെ ആദ്യ സമ്മേളനം എന്ന നിലയില്‍ രാഷ്ട്രപതി ദ്രൗപതി സംയുക്തസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യും. 2024-2025 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേ ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കും. നാളെയാണ് പൊതുബജറ്റ്.
സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 ന് അവസാനിക്കും. തുടര്‍ന്ന് രണ്ടാംഘട്ടത്തിനായി മാര്‍ച്ച് 10ന് സഭ വീണ്ടും ചേരും. വയനാട് പാക്കേജ് ഉള്‍പ്പടെ കേരളം വലിയ പ്രതീക്ഷയോടെയാണ് യൂണിയന് ബജറ്റിനെ നോക്കിക്കാണുന്നത്. സഭയില്‍ നിരവധി വിഷയങ്ങളില്‍ ചര്‍ച്ചആവശ്യമാണെന്ന് ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടികാട്ടി.
പ്രതിപക്ഷ നിരയില്‍ നിന്നും ബജറ്റ് സമ്മേളനത്തില്‍ വഖഫ് ബില്‍ ഭേദഗതി പാസാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന സര്‍ക്കാരിനെതിരേ കടുത്ത പ്രതിഷേധം ഉയരുമെന്നാണ് സൂചന. ബില്ലിലെ ജെപിസിയുടെ ഏകപക്ഷീയമായ ഇടപെടലില്‍ പ്രതിപക്ഷം അതൃപ്തി പ്രകടമാക്കിയിരുന്നു. ജെഡിയു പോലുള്ള ഘടകകക്ഷികള്‍ ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതും നിര്‍ണായകമാണ്.
ഇതോടൊപ്പം കുംഭമേളയില്‍ അപകടം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.


