ഉത്തര്‍ പ്രദേശില്‍ 75 ജയിലുകളിലെ 90,000ത്തോളം തടവുകാരെ ഗംഗാജലത്തില്‍ കുളിപ്പിച്ച് ജയില്‍ വകുപ്പ്. മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ് രാജിലെ ത്രിവേണിസംഗമത്തില്‍ നിന്നുള്ള വെള്ളം ജയിലുകളിലെ ടാങ്കുകളിലെ വെള്ളത്തില്‍ കലര്‍ത്തിയാണ് ജയില്‍പ്പുള്ളികള്‍ക്ക് കുളിക്കാന്‍ അവസരം നല്‍കിയത്. ഗംഗാ ജലത്തില്‍ അപകടകരമാംവിധം കോളിഫോം ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ജയിലുകളിലേക്കും ഈ വെള്ളം എത്തിച്ചിരിക്കുന്നത്.
ജയില്‍ അധികൃതരുടെ നേതൃത്വത്തില്‍ പൂജകളോടെയാണ് ‘ഗംഗാ സ്നാനം’ ജയിലുകളില്‍ നടന്നത്. 55 കോടിയോളം ജനങ്ങള്‍ ത്രിവേണി സംഗമത്തില്‍ മുങ്ങി ആത്മീയചൈതന്യം നേടിയപ്പോള്‍ സംസ്ഥാനത്തെ തടവുകാര്‍ക്കും അതിനുള്ള അവസരമൊരുക്കി ചരിത്രം കുറിച്ചിരിക്കുകയാണ് യു.പി സര്‍ക്കാറെന്ന് ജയില്‍ വകുപ്പ് മന്ത്രി ദാരാ സിങ് ചൗഹാന് പറഞ്ഞു.
രാജ്യത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഇത്തരം നടപടി സ്വീകരിക്കുന്നത്. ഗംഗാജലം നേരിട്ടെത്തിച്ച് കുളിക്കാന്‍ അവസരമൊരുക്കുകയായിരുന്നു. തടവുപുള്ളികള്‍ കലാപരമായി ഗംഗയെയും യമുനയെയും സരസ്വതിയെയും സൃഷ്ടിച്ച് അതില്‍ കുളിച്ച് ചരിത്രം സൃഷ്ടിക്കുന്നത് കാണാന്‍ കഴിഞ്ഞു. എല്ലാവരെയും അഭിനന്ദിക്കുകയാണ് -മന്ത്രി പറഞ്ഞു.


