കോഴിക്കോട് താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹബാസ് മരിച്ച സംഭവത്തില്‍ പ്രധാന പ്രതിയുടെ പിതാവിനെയും പ്രതി ചേര്‍ത്തേക്കും. വിദ്യാര്‍ത്ഥിയെ ആക്രമിക്കാനുള്ള നഞ്ചക്ക് നല്‍കിയത് പ്രതിയുടെ പിതാവാണെന്ന സൂചനയെ തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇയാള്‍ക്ക് രാഷ്ട്രീയ-ഗുണ്ടാ ബന്ധങ്ങളുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രതികളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ സാധിക്കുകയുളളൂവെന്ന് പൊലീസ് അറിയിച്ചു.
വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് റൂറല്‍ എസ്.പി കെ.ഇ. ബൈജു പ്രതികരിച്ചു. പ്രതികളായ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ വീടുകളില്‍ പരിശോധന നടത്തുകയും മൊബൈല്‍ ഫോണ്‍, വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ കണ്ടെത്തി പരിശോധിക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് ഗ്രൂപ്പിലെ വിദ്യാര്‍ത്ഥികളുടെ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ സൂചിപ്പിക്കുന്നത് ആസൂത്രണത്തോടെയുള്ള കൊലപാതകമാണെന്നാണ്.
ആക്രമണത്തിന് ശേഷവും കുട്ടികളുടെ സന്ദേശവും അത്തരത്തിലാണ്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും എസ്.പി വ്യക്തമാക്കി.
അതിനിടെ പ്രതികളെ പരീക്ഷ എഴുതിപ്പിക്കുന്ന നിലപാട് സ്വീകരിച്ചതിനെ വിമര്‍ശിച്ച് ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍ രംഗത്തെത്തിയിരുന്നു. കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിപ്പിക്കരുതായിരുന്നെന്നും ഇത് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റാരോപിതന്റെ പിതാവിന് ക്വട്ടേഷന്‍ ബന്ധങ്ങള്‍ ഉണ്ടെന്നും സ്വാധീനം ഉപയോഗിച്ച് അവര്‍ രക്ഷപ്പെടരരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികാളായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിപ്പിക്കുന്നതില്‍ തിങ്കളാഴ്ച രാവിലെ എംഎസ്എഫ് വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രതികള്‍ക്ക് പരീക്ഷ എഴുതാന്‍ ഇന്നലെ ജുവനൈല്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് അതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.


