അശ്ലീല പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ യൂട്യൂബര്‍ രണ്‍വീര്‍ അലഹബാദിയക്ക് യൂട്യൂബ് ഷോകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്കി സുപ്രീംകോടതി. യൂട്യൂബറുടെ പോഡ്കാസ്റ്റ് റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ സുപ്രീം കോടതി തള്ളി. വിവാദങ്ങള്‍ക്ക് പിന്നാലെ ‘ദി രണ്‍വീര്‍ ഷോ’ എന്ന പോഡ്കാസ്റ്റ് നിര്‍ത്തിവെക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം തന്റെ ഏക ഉപജീവനമാര്‍ഗമാണെന്ന് ചൂണ്ടിക്കാട്ടി രണ്‍വീര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി അനുമതി നല്‍കിയത്. ഏത് പ്രായത്തിലുള്ളവര്‍ക്കും കാണാന്‍ കഴിയുന്ന തരത്തില്‍ ധാര്‍മ്മികതയുടെ മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ഉറപ്പ് നല്‍കണമെന്ന് കോടതി രണ്‍വീറിനോട് അവസ്യപ്പെട്ടിരുന്നു.
രണ്‍വീറിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി സംസാര സ്വാതന്ത്ര്യത്തിന് അതിന്റേതായ പരിമിതികളുണ്ടെന്നും ചൂണ്ടിക്കാട്ടി. ധാര്‍മ്മികതയും ആവിഷ്കാര സ്വാതന്ത്ര്യവും സന്തുലിതമാക്കേണ്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കേന്ദ്രത്തെയും കോടതി ഓര്‍മ്മപ്പെടുത്തി.
‘ഇന്ത്യാസ് ഗോട്ട് ടാലന്റ്’ ഷോയ്ക്കിടെ രണ്‍വീര്‍ അലാബാദിയ നടത്തിയ അശ്ലീല പരാമര്‍ശം വിവാദമായിരുന്നു. ഷോയ്ക്കിടെ ഒരു മത്സരാര്‍ത്ഥിയോട് മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമര്‍ശിച്ചുള്ള ചോദ്യം രണ്‍വീര്‍ ചോദിച്ചിരുന്നു. ഇതിനു പിന്നാലെ സമൂഹമാധ്യമത്തില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്‍വീറിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
സംഭവത്തിനു പിന്നാലെ മാപ്പ് പറഞ്ഞ് രണ്‍വീര്‍ അലാബാദിയ രംഗത്തെത്തിയിരുന്നു.


