സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂര്‍ അതീവ ജാഗ്രതയില്‍. നേരത്തെ, അഞ്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശമുണ്ട്. പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും.
മെയ്തെയ് സംഘടനയുടെ ഭാഗമായ ആരംഭായ് തെങ്കോല്‍ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. അറസ്റ്റിലായ നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തയ് വിഭാഗക്കാര്‍ റോഡുകള്‍ക്ക് നടുവില്‍ ടയറുകളും പഴയ ഫര്‍ണിച്ചറുകളും കത്തിച്ചു. സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.
തൗബാല്‍, ബിഷ്ണുപൂര്‍, ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാക്ച്വിങ് എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത്. സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എംഎല്‍എമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2023 മെയ് മുതല്‍ മണിപ്പൂരില്‍ മെയ്തെയ്കുകി വിഭാഗങ്ങള്‍ തമ്മില്‍ വംശീയ കലാപം നടക്കുകയാണ്. സംഘര്‍ഷത്തില്‍ ഇതുവരെ 260ല്‍ കൂടുതല്‍ ആളുകള്‍ മരിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


