ആലപ്പുഴയില്‍ വനിതാ ജീവനക്കാരോട് അപമര്യാതയായി പെരുമാറയത് ചോദ്യം ചെയ്ത യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചതായി പരാതി. ആലപ്പുഴ മാന്നാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനെയാണ് ബൈക്കില്‍ വലിച്ചിഴച്ചത്. സംഭവത്തില്‍ തലവടി സ്വദേശി ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാന്നാര്‍ കുട്ടമ്പേരൂര്‍ കോട്ടപ്പുറത്ത് കെ എം ലിതിനാണ് പരിക്കേറ്റത്.
രക്ഷപ്പെടാന്‍ ശ്രമിച്ച ബൈജുവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ പിന്നില്‍ പിടിച്ചതോടെയാണ് ലിതിനെ 50 മീറ്ററോളം റോഡില്‍ വലിച്ചിഴച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.
സ്ഥാപനത്തില്‍ ബ്ലീച്ചിങ് പൗഡര്‍ അന്വേഷിച്ചുവന്ന ബൈജു വനിതാ ജീവനക്കാരോട് മോശമായി പെരുമാറുകയും ബൈക്കില്‍ രക്ഷപ്പെടുകയുമായിരുന്നു. സഹപ്രവര്‍ത്തകരായ മൂന്ന് വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയതിന് ശേഷം ബൈജു രക്ഷപെടുന്നത് കണ്ട ലിതിന് പിന്തുടര്ന്ന് ബൈക്കില്‍ കയറി പിടിക്കുമ്പോഴാണ് ഇയാളെ വലിച്ചിഴച്ചത്. സംഭവം നടന്നയുടന്‍ മാന്നാര്‍ പൊലീസിലേക്ക് പലതവണ ഫോണ്‍ ചെയ്തിട്ടും കിട്ടിയില്ലെന്നും ഒടുവില്‍ സ്റ്റേഷനില്‍ പോയി പൊലീസിനെ വിളിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.


