ആഗോള അയ്യപ്പസംഗമത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുത്തേക്കില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സുരേഷ് ഗോപിയെ നേരിട്ട് ക്ഷണിച്ചിരുന്നു. എന്നാല്‍ ബിജെപിയും ആര്‍എസ്എസും എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണ് സുരേഷ് ഗോപി ക്ഷണം നിരസിക്കും എന്ന റിപ്പോര്‍ട്ട് വന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നേരിട്ട് സുരേഷ് ഗോപിയുടെ വീട്ടിലെത്തി ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു.
മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയുള്ള സംഘാടകസമിതിയാണ് ആഗോള അയ്യപ്പ സംഗമത്തിന് ഉള്ളത്. ഈ മാസം 20നാണ് സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്.
ആകെ 3,000 പേരെയാണ് സംഗമത്തില്‍ പ്രതീക്ഷിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. ആന്ധ്ര, തെലങ്കാനയില്‍ നിന്ന് 750 പേരും കേരളത്തില്‍നിന്ന് 800 പേരും പങ്കെടുക്കും. തമിഴ്നാട്ടില്‍ നിന്ന് 500 പേരും വിദേശത്തുനിന്ന് 500 പേര് പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 200 പേര് പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


