അതുല്യ ആത്മത്യ ചെയ്തതാണെന്ന് വിശ്വസിക്കുന്നില്ലെന്ന് സഹോദരി അഖില. ഗര്‍ഭിണിയായിരുന്നപ്പോള്‍ വരെ അതുല്യയെ ഉപദ്രവിച്ചിരുന്നുവെന്നും ഇത്രയും തെളിവുകള്‍ ഉണ്ടായിട്ടും പ്രതി ജാമ്യം കിട്ടി പുറത്തു നടക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അഖില പറഞ്ഞു.
‘അതുല്യ ആത്മത്യ ചെയ്തതാണെന്ന് വിശ്വസിക്കുന്നില്ല. മരിക്കുന്നതിന് തലേദിവസം സഹോദരി വലിയ സന്തോഷത്തിലായിരുന്നു .അതുല്യയുടെ പിറന്നാളായിരുന്നു അന്ന്. അടുത്ത ദിവസം പുതിയ ജോലിയ്ക്ക് കയറാന്‍ ഇരുന്നതാണ്. ജോലിയെക്കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു. അങ്ങനെ ഒരാള്‍ സ്വയം ജീവനൊടുക്കില്ലെന്നും’ അഖില പറയുന്നു.
‘സതീഷ് അതുല്യയെ നിരന്തരമായി ഉപദ്രവിച്ചിരുന്നു. മകളോട് പോലും സതീഷിന് അത്മാര്‍ത്ഥമായ സ്നേഹം ഉണ്ടായിരുന്നില്ല. 11 വര്‍ഷം സഹിച്ച ഒരാള്‍ ഒരു രാത്രി ആത്മഹത്യ ചെയ്യില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ ശരീരത്തില്‍ പാടുകള്‍ ഉണ്ടെന്ന് പറയുന്നു. മരിച്ച ദിവസവും സതീഷ് അതുല്യയെ ഉപദ്രവിച്ചിട്ടുണ്ട്. അതുല്യ മരിച്ച ദിവസം സതീഷ് മദ്യലഹരിയിലായിരുന്നു. മരിക്കുന്നതിന്റെ തലേന്ന് രാത്രി 11.30 മണി വരെ അതുല്യ തന്നോട് ഫോണില്‍ സംസാരിച്ചിരുന്നു. എന്തുണ്ടെങ്കിലും തന്നോട് തുറന്നു പറയും. സതീഷിന്റെ ചില ബന്ധങ്ങളുടെ പേരില്‍ അതുല്യയുമായി തര്‍ക്കങ്ങള്‍ ഉണ്ടാവാറുണ്ടായിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ വരെ അതുല്യയെ ഉപദ്രവിച്ചിരുന്നു’. ഇത്രയും തെളിവുകള്‍ ഉണ്ടായിട്ടും പ്രതിയ്ക്ക് ജാമ്യം കിട്ടി പുറത്തു നടക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സഹോദരിക്ക് നീതി കിട്ടണമെന്നും അഖില പറഞ്ഞു.
കൊല്ലം തേവലക്കര സ്വദേശിനിയായ അതുല്യയെ ജൂലൈ 19 ന് ഷാര്‍ജ റോളയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് സതീഷ് മകളെ കൊലപ്പെടുത്തിയെന്നാരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞദിവസം സതീഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. സതീഷിന്റെ ജാമ്യം റദ്ദാക്കണമെന്നും ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു. മകളുടെ മരണം കൊലപാതകമാണെന്ന പരാതി ശരി വയ്ക്കുന്നതാണ് പുറത്തുവന്ന പുതിയ ദൃശ്യങ്ങള്‍ എന്ന് അച്ഛന് മാധ്യമങ്ങളോട് പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സത്യം പുറത്തുവരണമെന്നാണ് പ്രതീക്ഷ എന്നും രാജശേഖരന് പിള്ള പറഞ്ഞു. അതുല്യയെ ഭര്‍ത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം കുടുംബം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പത്ത് വര്‍ഷം ക്രൂരപീഡനം സഹിച്ചെന്ന് അതുല്യ വീഡിയോയില്‍ പറയുന്നുണ്ട്.


