മലപ്പുറം വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.അലവിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും.
അതേസമയം സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലം പാട്ടത്തിനെടുത്ത വിനീഷും സഹായിയുമാണ് കസ്റ്റഡിയിലുള്ളത്. കെണി സ്ഥാപിച്ചത് വിനീഷ് ആണെന്നും വിനീഷ് കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. മരിച്ച കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി.
വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു വിജയ് മരിച്ചിരുന്നു. സംഭവത്തില്‍ മറ്റ് രണ്ട് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മീന്‍ പിടിക്കാന്‍ പോയി മടങ്ങുന്നതിനിടെയാണ് കുട്ടികള്‍ അപകടത്തില്‍ പെടുന്നത്. വഴിയിലുണ്ടായ വൈദ്യുതി കമ്പിയില്‍നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റതെന്ന് പ്രദേശവാസികള്‍ പറയുന്നു.
വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവം സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത്. കെ.എസ്.ഇ.ബിയുടെ അനുവാദത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. വന്യമൃഗ ശല്യത്തിന്റെ രക്തസാക്ഷി കൂടിയാണ് മരിച്ച അനന്തുവെന്നും ഷൗക്കത്ത് പറഞ്ഞു.


