ഡല്‍ഹിയിലെ ദയാല്‍പൂരില്‍ ലൈംഗികാതിക്രമത്തിന് ഇരയായി അബോധാവസ്ഥയില്‍ കണ്ടെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആശുപത്രിയില്‍ മരിച്ചതായി പോലീസ് അറിയിച്ചു.
ദയാല്‍പൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ശനിയാഴ്ച രാത്രി 8:41 ഓടെയാണ് ലൈംഗികാതിക്രമം സംബന്ധിച്ച് ഒരു കോള്‍ ലഭിച്ചതായാണ് വിവരം. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍, പെണ്‍കുട്ടിയുടെ പിതാവ് വൈദ്യസഹായത്തിനായി പെണ്‍കുട്ടിയെ ജെപിസി ആശുപത്രിയില്‍ എത്തിച്ചതായി കണ്ടെത്തി. എന്നാല്‍ പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല.
ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 103(1), 66, 13(2) പ്രകാരവും കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കല്‍ (പോക്സോ) നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഭവം നടന്നതായി സംശയിക്കുന്ന സ്ഥലത്ത് പരിശോധനയ്ക്കായി ക്രൈം, ഫോറന്‍സിക് സയന്‍സ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഉത്തരവാദിയായ വ്യക്തിയെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമുള്ള തിരച്ചില്‍ തുടരുകയാണ്.


