പാറശ്ശാല ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഇന്ന് രാവിലെ 11 മണിക്ക് കോടതി നടപടികള്‍ ആരംഭിക്കും.
ഒന്നാം പ്രതി ഗ്രീഷ്മയെ രാവിലെ 9.30 ഓടെ തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ട് വരും. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവനും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാനാണ് പ്രോസിക്യൂഷന് ആവശ്യപ്പെടുക. ഇന്നലെ വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ എത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് ശിക്ഷാവിധി കേള്ക്കാര് ഇവര്‍ കോടതിയിലെത്തും.
അതേസമയം പ്രതി ഗ്രീഷ്മയുടെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കാനായിരിക്കും പ്രതിഭാഗം വാദിക്കുക. തെളിവില്ലാത്തതിനാല്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.
2022 ഒക്ടോബറിലായിരുന്നു ഷാരോണിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവം നടന്ന് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞിരിക്കുന്നത്.
ഷാരോണും ഗ്രീഷ്മയും തമ്മില്‍ നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു. പ്രണയം വീട്ടിലറിഞ്ഞതോടെ ഗ്രീഷ്മയോട് ബന്ധത്തില്‍ നിന്ന് പിന്മാറാന് കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷാരോണിനെ ബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഷാരോണ്‍ പിന്മാറിയില്ല.
ഇതോടെ ഗ്രീഷ്മയും കുടുംബവും ഷാരോണിനെ ഒഴിവാക്കാന്‍ പദ്ധതിയിടുകയായിരുന്നു. ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച് വിഷം കലര്‍ത്തിയ കഷായം നല്കി. തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ഷാരോണ്‍ ഛര്‍ദ്ദിച്ച് അവശനാവുകയും ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ഷാരോണ്‍ ഒടുവില്‍ മരണപ്പെടുകയായിരുന്നു.


