താമരേശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിധരായ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനും അവസരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിയില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. പരീക്ഷാഫലം തടഞ്ഞുവെക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
കുറ്റകൃത്യം നടന്നാല്‍ കോടതിയിലാണ് നടപടികള്‍ പൂര്‍ത്തിയാകേണ്ടതെന്നും കോടതി പറഞ്ഞിരുന്നു.
ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ വെച്ചായിരുന്നു കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. എന്നാല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ എംഎസ്എഫടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് ജുവനൈല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതിക്കാന്‍ തീരുമാനിച്ചത്.
ഫെബ്രുവരി 28ന് ട്യൂഷന് സെന്ററിലുണ്ടായ പ്രശ്നത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഷഹബാസ് കൊല്ലപ്പെട്ടത്.


