ശുചീകരണ തൊഴിലാളികളില്‍ ഭൂരിഭാഗവും അസംഘടിത മേഖലയിലൂടെ സ്വകാര്യ വ്യക്തികളില്‍ നിന്ന് ഉചിതമായ സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതയില്ലാതെ ജോലിയെടുക്കുന്നവരാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര സാമൂഹിക നീതി, തൊഴില്‍ വകുപ്പു സഹമന്ത്രി രാംദാസ് അത്തവാലെ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.
2013 ലെ മാന്വല്‍ തോട്ടിപ്പണി നിരോധന – പുനരധിവാസ നിയമം പ്രകാരം തൊഴിലുടമ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കേണ്ടതും നിയമങ്ങളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കേണ്ടതും നിര്‍ബന്ധമാണ്. രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത് നടപ്പിലാക്കുന്നതിനായി സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് 2023-24 ല്‍ യന്ത്രവല്‍കൃത ശുചിത്വ പരിസ്ഥിതി വ്യവസ്ഥയ്ക്കുള്ള നാഷണല്‍ ആക്ഷന്‍ ആരംഭിച്ചിട്ടുണ്ട്. നമസ്തേ പദ്ധതി രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നുണ്ട്. മലിനജല, സെപ്റ്റിക് ടാങ്ക് തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുകയും അവരെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
അഴുക്കുചാലുകളുടെയും സെപ്റ്റിക് ടാങ്കുകളുടെയും സുരക്ഷിതമായ വൃത്തിയാക്കലിനായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍, ശുചീകരണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് റെഡി റെക്കണര്‍ സംവിധാനം, ആരോഗ്യ പരിശോധനകള്‍ സാമൂഹിക ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി രാജ്യവ്യാപകമായി സഫൈമിത്ര സുരക്ഷാ ശിബിരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറയിച്ചു.
2022 ലും 2023 ലും നടന്ന മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട 54 മരണങ്ങളില്‍ 49 എണ്ണത്തിലും മരണപ്പെട്ട തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങളോ പിപിഇ കിറ്റുകളോ നല്‍കിയിട്ടില്ല എന്നത് വസ്തുതയാണോ എന്നതിനെക്കുറിച്ചും മാലിന്യ സംസ്കരണം, സെപ്റ്റിക് ടാങ്ക് വൃത്തിയാക്കല്‍ എന്നിവയില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ ഏജന്‍സികളും സുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനാടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും ലോക്സഭയില്‍ നല്കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.


