വിവാദങ്ങൾക്കിടെ ‘ഭാരതാംബ’യുടെ കയ്യിലെ കാവി കൊടിയും ഭൂപടവും ഒഴിവാക്കി ബിജെപി. സർക്കാരിനും പ്രതിപക്ഷത്തിനും എതിരായ പ്രതിഷേധസമരത്തിൻ്റെ പോസ്റ്ററിലുള്ളത് ദേശീയപതാകയേന്തിയ ‘ഭാരതാംബ’യാണ്. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്. ഇന്ന് നടക്കുന്ന ബിജെപിയുടെ സെക്രട്ടേറിയറ്റിന് മുന്നിലെ പരിപാടിയുടെ പോസ്റ്ററിലാണ് തിരുത്ത്. ഭാരതമാതാവിന് പുഷ്പാർച്ചന എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ പോസ്റ്ററിലാണ് ദേശീയപതാകയേന്തിയ ‘ഭാരതാംബ’യുള്ളത്.
ജൂൺ അഞ്ചിന് കൃഷി വകുപ്പ് രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷത്തിൽ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’യുടെ ചിത്രം ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് കഴിഞ്ഞ ദിവസം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധിച്ച് രാജ്ഭവനിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ബഹിഷ്കരിച്ചിരുന്നു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ വിതരണ ചടങ്ങാണ് വിദ്യാഭ്യാസ മന്ത്രി ബഹിഷ്കരിച്ചത്. തുടർന്ന് പരിപാടി ബഹിഷ്കരിച്ച മന്ത്രിക്കെതിരെ രാജ്ഭവൻ രംഗത്തെത്തി.


