ഗോപന് സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുസ്ലിംകള്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിക്കുന്നുവെന്ന് മകന് സനന്ദന്‍. വൈകാരികമായി നടത്തിയ പ്രതികരണമാണെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും സനന്ദന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഗോപന് സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയത് മുസ്ലിംകളാണെന്നാണ് മകന് സനന്ദന്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇത്രയും പ്രശ്നങ്ങള്‍ വരാനുള്ള കാരണമെന്തെന്ന് ഇതുവരെയും അന്വേഷിച്ചിട്ടില്ല.
99 ശതമാനം പ്രശ്നമുണ്ടാക്കിയ ആള്ക്കാര് മുസ്!ലിംകള്‍ തന്നെയാണ്. അവരാണ് കൂടുതല്‍ പ്രശ്നമുണ്ടാക്കിയതെന്നും സനന്ദന്‍ ചൂണ്ടിക്കാട്ടി.
സമാധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം ഹിന്ദു സംഘടനകളോട് ചോദിച്ചിട്ട് ഉത്തരം പറയാമെന്നായിരുന്നു സനന്ദന്റെ മറുപടി. പരാതി നല്‍കിയിരിക്കുന്നത് വിശ്വംഭരനും യേശുദാസനും ഉള്‍പ്പെടെ വിവിധ ജാതി മതസ്ഥരല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സനന്ദന്‍ മറുപടി ഉണ്ടായിരുന്നില്ല. വിശ്വംഭരന് തങ്ങളുടെ ശത്രു തന്നെയാണെന്നായിരുന്നു ഇതിനോടുള്ള പ്രതികരണം.
ഇല്ലാത്ത കഥകളെല്ലാം കെട്ടിച്ചമച്ച് വിശ്വംഭരന് സ്റ്റേഷനില്‍ പരാതി കൊടുക്കാനുള്ള കാരണം ക്ഷേത്രത്തിന്റെ സമീപത്ത് കൂടി വഴി കൊടുക്കാത്തത് കൊണ്ടാണ്. വിശ്വംഭരന് പറയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. കോടതി ഉത്തരവിടുന്ന പക്ഷം പൊളിക്കാനായി പൊലീസ് വന്നാല്‍ അനുവദിക്കുമോ എന്ന ചോദ്യത്തിനും ഹിന്ദു സംഘടനകളോട് ചോദിച്ചിട്ട് പറയാമെന്നാണ് സനന്ദന്റെ മറുപടി നല്‍കിയിരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഗോപന് സമാധിയായി എന്നാണ് ഭാര്യയും മക്കളും അവകാശപ്പെട്ടിരുന്നത്. രഹസ്യമായി കോണ്‍ക്രീറ്റ് കല്ലറക്കുള്ളില്‍ മൃതദേഹം മറവ് ചെയ്തതോടെയാണ് മരണം സംബന്ധിച്ച് അയല്‍വാസികള്‍ക്ക് സംശയം ഉയരുന്നത്. തുടര്‍ന്ന് വിശ്വംഭരന് എന്ന ആള് ഗോപനെ കാണ്മാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


