ഗസ്സ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രാഈല്‍ സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം. സമ്പൂര്‍ണ മന്ത്രിസഭാ യോഗവും ഉടന്‍ ചേരും. സമ്പൂര്‍ണ യോഗത്തിലും അനുമതിയായാല്‍ ഞായറാഴ്ച വെടിനിര്‍ത്തല്‍ ആരംഭിച്ചേക്കും.
സര്‍ക്കാര്‍ അംഗീകാരം വൈകുകയാണെങ്കിലും കരാര്‍ പ്രകാരം ഗസ്സയില്‍നിന്ന് ആദ്യ ബന്ദികള്‍ ഞായറാഴ്ച മോചിതരാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
സെക്യൂരിറ്റി കാബിനറ്റും മുഴുവന്‍ മന്ത്രിസഭയും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചുകഴിയുകയും അത് പ്രാബല്യത്തില്‍ വരികയും ചെയ്താല്‍ നിലവിലെ പദ്ധതിപ്രകാരം ബന്ദികളുടെ മോചനം നടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ബന്ദികളായ 3 സ്ത്രീകളെയാണ് ഞാറയാഴ്ച മോചിപ്പിക്കുക.
അതേസമയം, കരാറിനെതിരെ ഹൈകോടതിയില്‍ ഹരജികളുണ്ട്. ഫലസ്തീന് തടവുകാരെ വിട്ടയക്കുന്ന വിഷയത്തിലാണ് തര്‍ക്കമുള്ളത്. എന്നാല്‍, കോടതി ഈ വിഷയത്തില്‍ ഇടപെടില്ലെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ വിട്ടയക്കുന്ന 33 ബന്ദികളുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
തീവ്രവലതുപക്ഷക്കാരനായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗവിര്‍ കരാറിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കരാര്‍ അംഗീകരിച്ചാല്‍ തന്റെ ഒറ്റ്സ്മ യെഹൂദിത് പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നല്കി. യുദ്ധം പുനരാരംഭിച്ചാല്‍ സര്‍ക്കാരിന്റെ കൂടെ വീണ്ടും ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ മന്ത്രിക്കെതിരെ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി രംഗത്തുവന്നു. വലതുപക്ഷ സര്‍ക്കാരില്‍നിന്ന് പോകുന്ന ഏതൊരു പാര്‍ട്ടിയും നിത്യ നാണക്കേടായി ഓര്‍മിക്കപ്പെടുമെന്ന് പാര്‍ട്ടി വ്യക്തമാക്കി. ബെന്‍ഗവിറിന്റെ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചാലും നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് നിലവില്‍ ഭീഷണിയില്ല.
അതേസമയം മറ്റൊരു തീവ്ര വലതുപക്ഷ മന്ത്രിയായ ബെസലേല്‍ സ്മോട്രിചും ബെന്‍ഗവിറിന്റെ പാത പിന്തുടര്ന്നാല് സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമാകും. എന്നാല്‍, വെടിനിര്‍ത്തല്‍ കരാറുമായി മുന്നോട്ടുപോയാല്‍ സര്‍ക്കാരിന് പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചിട്ടുണ്ട്.


