സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഇന്ന് ചുമതലയേല്‍ക്കും. ഇന്ന് രാവിലെ ഏഴ് മണിക്ക് പൊലീസ് ആസ്ഥാനത്ത് വെച്ചാണ് ചടങ്ങുകള്‍. അതേസമയം കേന്ദ്ര ക്യാബിനറ്റ് സുരക്ഷാ സെക്രട്ടറി സ്ഥാനം അദ്ദേഹം ഒഴിഞ്ഞു. ചുമതലയറ്റതിനു ശേഷം കണ്ണൂരില്‍ മുഖ്യമന്ത്രിക്കൊപ്പം മേഖല അവലോകന യോഗത്തില്‍ പങ്കെടുക്കും.
സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി പ്രത്യേക മന്ത്രിസഭ യോഗത്തിലായിരുന്നു തീരുമാനിച്ചത്. ആന്ധ്രാ പ്രദേശ് സ്വദേശിയാണ് റവാഡ.
കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിയായിരുന്ന ഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബ് വിരമിച്ചു.
1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍. ദീര്‍ഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി നിലവില്‍ സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖര്‍.
റവാഡയെന്ന കര്‍ഷക കുടുംബത്തില്‍ നിന്നും പൊലീസ് മേധാവി കസേരയിലേക്കെത്തിയ അദ്ദേഹം തലശ്ശേരി എഎസ്പിയായിട്ടാണ് സര്‍വ്വീസ് ജീവിതം ആരംഭിച്ചത്.
കൂത്തുപറമ്പ് വെടിവെപ്പിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെ സസ്പെന്‍ഷനിലായി. പിന്നീട് കെഎപി കമാന്‍ഡറായാണ് മടങ്ങിയെത്തിയത്. തുടര്‍ന്ന് വയനാട്, മലപ്പുറം, എറണാകുളം റൂറല്‍, പാലക്കാട് എസ്പിയായും തൃശ്ശൂര്‍, കൊച്ചി റെയ്ഞ്ച് ഡിഐജിയായും സേവനമനുഷ്ഠിച്ചു. തിരുവനന്തപുരത്ത് കമ്മീഷണറായിരുന്നു. രണ്ട് വര്‍ഷം യുഎന്‍ ഡെപ്യൂട്ടേഷനിലും ഐബിയില്‍ ഡെപ്യൂട്ടേഷന് ലഭിച്ചു. ഐബി സ്പെഷ്യല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ മേഡല്‍ ലഭിച്ചു.


