യു.പിയില്‍ ടോയ്ലറ്റുകളില് മുഗള്‍ ചക്രവര്‍ത്തിമാരായ ഔറംഗസേബിന്റെയും ബാബറിന്റെയും ചിത്രങ്ങള്‍ ഒട്ടിച്ച് ഹിന്ദുത്വ സംഘം. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ പില്‍ഖുവ പട്ടണത്തിലാണ് സംഭവം.
ടോയ്ലറ്റുകളിലും മൂത്രപ്പുരകളിലും ഹിന്ദുത്വ സംഘടനകള്‍ പ്രമുഖ മുഗള്‍ ചക്രവര്‍ത്തിമാരായ ഔറംഗസേബിന്റെയും ബാബറിന്റെയും ചിത്രങ്ങള്‍ പതിക്കുകയായിരുന്നു.
കാവി സ്കാര്‍ഫ് ധരിച്ച ഒരു സംഘം മുഗള്‍ സാമ്രാജ്യ സ്ഥാപകന്‍ ബാബറിന്റെയും ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെയും ചിത്രങ്ങള്‍ പൊതു ടോയ്ലറ്റുകളുടെയും മൂത്രപ്പുരകളുടെയും ചുവരുകളില്‍ ഒട്ടിക്കുന്നത് കാണിക്കുന്ന ദൃശ്യങ്ങള്‍ തീവ്ര ഹിന്ദുത്വ സംഘടനയിലെ അംഗങ്ങള്‍ തന്നെ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.
ഔറംഗസേബിന്റെയും ബാബറിന്റെയും ചിത്രങ്ങള്‍ ഒട്ടിച്ച ശേഷം അവര്‍ ചിത്രങ്ങളില്‍ ചെരുപ്പ് കൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കൂടാതെ ടോയ്ലറ്റുകളുടെ പേര് ഔറംഗസേബിന്റെയും ബാബറിന്റെയും പേരിലേക്ക് മാറ്റുന്നതായും അവര്‍ പ്രസ്താവിച്ചു.
സമാനമായാ സംഭവം ഫെബ്രുവരി 23 ന് ഡല്‍ഹിയിലെ അക്ബര്‍ റോഡിലും ഉണ്ടായിട്ടുണ്ട്. അക്ബര്‍ റോഡ് എന്നെഴുതിയ സൈന്‍ബോര്‍ഡില്‍ ഒരു കൂട്ടം ഹിന്ദുത്വ വാദികള്‍ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്തു. തുടര്‍ന്ന് സംഘം അതേ ബോര്‍ഡില്‍ ഛത്രപതി ശിവജിയുടെ പോസ്റ്റര്‍ പതിക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, നിരവധി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളും രാഷ്ട്രീയക്കാരും ഇന്ത്യയിലുടനീളം ആക്രമണാത്മക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. നഗരങ്ങള്‍, റോഡുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ മുഗള്‍ കാലഘട്ടത്തിലെ സ്മാരകങ്ങളുടെയും പേരുകള്‍ മാറ്റാന്‍ അവര്‍ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുഗള്‍ രാജാക്കന്മാരെയും അവരുടെ ഭരണത്തെയും കുറിച്ച് പ്രതിപാദിക്കുന്ന പാഠ പുസ്തക അധ്യായങ്ങളുടെയും പേര് മാറ്റണമെന്ന് അവര്‍ ആവശ്യപ്പെടുന്നുണ്ട്.
ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ പലപ്പോഴും മുസ്ലിം പേരുകളുള്ള നഗരങ്ങളുടെ പേര് ഹിന്ദു പേരുകളിലേക്ക് മാറ്റിയിട്ടുണ്ട്. ചരിത്ര നഗരമായ അലഹബാദിനെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രയാഗ്രാജ് എന്ന് പുനര്‍നാമകരണം ചെയ്തു. അതുപോലെ, മഹാരാഷ്ട്രയില്‍, ഔറംഗാബാദിനെ ഛത്രപതി സംഭാജി നഗര്‍ എന്ന് മാറ്റി.


