ന്യൂഡല്‍ഹി: ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍. റോത്തഗ് ജില്ലയില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹിമാനി നാര്‍വാല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് മരിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ഹിമാനി പങ്കെടുത്തിരുന്നു.
ബസ് സ്റ്റാന്‍ഡിലെത്തിയ യാത്രക്കാരനാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹമാണെന്ന് കണ്ടെത്തിയത്. ദുപ്പട്ട കൊണ്ട് കഴുത്ത് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. റോത്തഗിലെ വിജയ് നഗര്‍ മേഖലയിലാണ് ഹിമാനിയുടെ വീട്. പോസ്റ്റ്മാര്‍ട്ടത്തിനായി റോത്തഗിലെ ആശുപത്രിയിലേക്ക് പെണ്‍കുട്ടിയുടെ മൃതദേഹം മാറ്റിയിട്ടുണ്ട്. ഹിമാനയുടെ മരണം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പാര്‍ട്ടി എം.എല്‍.എ ബി.ബി ബാത്ര ആവശ്യപ്പെട്ടു.
അതേസമയം, കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചതായി സംപാല പൊലീസ് പറഞ്ഞു. പോസ്ററ്മാര്ട്ടത്തിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


