കണ്ണൂരിലെ കായലോട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. കായലോട് പറമ്പായിലെ റസീനയുടെ മരണത്തില്‍ പറമ്പായി സ്വദേശികളായ വി.സി.മുബഷിര്‍, കെ.എ.ഫൈസല്‍, വി.കെ.റഫ്നാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകീട്ട് യുവതി സുഹൃത്തിനോട് സംസാരിച്ചുനില്ക്കുന്നത് അറസ്റ്റിലായവര്‍ ഉള്‍പ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം സുഹൃത്തിനെ സംഘം കൈയ്യേറ്റം ചെയ്യുകയും ചെയ്തു. സമീപത്തെ മൈതാനത്തിലെത്തിച്ച് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചതായാണ് വിവരം.
സുഹൃത്തിന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും ടാബും പ്രതികള്‍ കൈക്കലാക്കുകയും ചെയ്തു. പിന്നാലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാകുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പറമ്പായി സ്വദേശികളായ എം.സി. മന്‍സിലില്‍ വി.സി. മുബഷീര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യക്കുറിപ്പില്‍നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.


