നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഉച്ചക്ക് ഒരുമണി വരെ 46.73 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. മഴയുണ്ടെങ്കിലും രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.
യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്നും,യുഡിഎഫ് വോട്ടില്‍ വിള്ളലുണ്ടാക്കാനാവില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് പ്രതികരിച്ചു. നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു.
വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്നതാണ് മണ്ഡലം. കൈപ്പത്തി അടയാളത്തില്‍ ആര്യാടന് ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തില്‍ എം.സ്വരാജ് (എല്‍ഡിഎഫ്), താമര അടയാളത്തില്‍ മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ കത്രിക അടയാളത്തില്‍ പി.വി.അന്‍വര്‍ മത്സരിക്കുന്നു. ഇവര്‍ ഉള്‍പ്പെടെ പത്തു സ്ഥാനാര്‍ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഈ മാസം 23 നാണ് വോട്ടെണ്ണല്‍.
ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16-ന് പൂര്‍ത്തിയായിരുന്നു. ഉപതെരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.


