റാമല്ല: ഇസ്രാഈല്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായിരുന്ന ഫലസ്തീന് തടവുകാരന് കൊല്ലപ്പെട്ടത് ക്രൂരമായ പീഡനത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഫലസ്തീന് തടവുകാരനായ മുഹമ്മദ് ഹുസൈന് അല്‍ ആരിഫിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കുടുംബത്തിന് കൈമാറിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. ജലാമ തടങ്കല്‍ കേന്ദ്രത്തിലുണ്ടായ ചോദ്യം ചെയ്യലിനിടെ ഹുസൈന് അല്‍ ആരിഫ് കടുത്ത പീഡനങ്ങള്‍ക്കാണ് ഇരയായതെന്ന് ഫലസ്തീന് തടവുകാര്‍ക്കായുള്ള കമ്മീഷന് വെളിപ്പെടുത്തി.
2024 നവംബര്‍ 28ന്് അറസ്റ്റിലായ ആരിഫ് ഡിസംബര്‍ നാലിന് കൊല്ലപ്പെട്ടിരുന്നു. ക്രൂര മര്‍ദനത്തെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തലയുടെ ഇടതുഭാഗത്തും കൈകളിലും കാലുകളിലും നെഞ്ചിലും വയറിലും രക്തം കട്ടപിടിച്ചിരുന്നു. ഹൃദയാഘാതമുണ്ടായതിന്റെ ലക്ഷണങ്ങളും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഗസ്സ വംശഹത്യ ആരംഭിച്ചതില്‍ പിന്നെ 56 ഫലസ്തീന് തടവുകാരാണ് ഇസ്രാഈല്‍ ജയിലുകളിലും സൈനിക തടങ്കല്‍ കേന്ദ്രങ്ങളിലും കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക വിവരമെങ്കിലും നൂറുകണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇസ്രാഈല്‍ ഇതുവരെ തയ്യാറായിട്ടില്ല.
ഫലസ്തീന് തടവുകാര്‍ക്കെതിരെ ഇസ്രാഈല്‍ നടത്തിയ ആസൂത്രിത കുറ്റകൃത്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്് മുഹമ്മദ് അല്‍-ആരിഫിന്റെ കൊലപാതകമെന്ന് ഫലസ്തീന് തടവുകാര്‍ക്കായുള്ള കമ്മീഷന് പറഞ്ഞു. അക്രമാസക്തമായ അറസ്റ്റ്, ഭീഷണിപ്പെടുത്തല്‍, ക്രൂരമായ മര്‍ദനങ്ങള്‍, അപമാനകരമായ സാഹചര്യങ്ങളില്‍ തടങ്കലില്‍ വെക്കല്‍, തടവുകാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നേരെയുള്ള അധിക്ഷേപം, ദീര്‍ഘനാളത്തെ ചോദ്യം ചെയ്യല്‍, ഉറങ്ങാന്‍ അനുവദിക്കാതിരിക്കല്‍, പട്ടിണിക്കിടല്‍, ലൈംഗികാതിക്രമം തുടങ്ങിയ പീഡനമുറകളും ഇസ്രാഈല്‍ ഫലസ്തീന് തടവുകാര്‍ക്കെതിരെ ഇപ്പോഴും പ്രയോഗിക്കുന്നുണ്ട്.


