മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് നിതീഷ് കുമാറിന്റെ ജനാതാദള്‍ (യുണൈറ്റഡ്). ഇനിമുതല്‍ പാര്‍ട്ടിയുടെ ഏക എം.എല്‍.എ പ്രതിപക്ഷ നിരയില്‍ ഇരിക്കും. വിഷയത്തില്‍ മണിപ്പൂരിലെ ജെ.ഡി.യു അധ്യക്ഷന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു.
മേഘാലയയില്‍ അധികാരത്തിലുള്ള കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, ബിരേന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനു പിന്നാലെയാണ് ജനതാ ദളിന്റെ പുതിയ നീക്കം.
‘മണിപ്പൂരിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന് ജനതാദള്‍ (യുണൈറ്റഡ്) മണിപ്പൂര്‍ യൂണിറ്റ് നല്കിയ പിന്തുണ പിന്‍വലിക്കുകയാണെന്നും തങ്ങളുടെ ഏക എം.എല്‍.എയായ മുഹമ്മദ് അബ്ദുള്‍ നാസിറിനെ സഭയില്‍ പ്രതിപക്ഷ എം.എല്‍.എയായി കണക്കാക്കണമെന്നും അറിയിക്കുന്നു’ മണിപ്പൂരിലെ ജെ.ഡി.യു അധ്യക്ഷന്‍ ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
2022ലെ മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളാണ് ജെ.ഡി.യു നേടിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ക്കകം അഞ്ച് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ചേക്കേറി.
60 അംഗ നിയമസഭയില്‍ നിലവില്‍ ബി.ജെ.പിക്ക് 37 എം.എല്‍.എമാരുണ്ട്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ അഞ്ച് എം.എല്‍.എമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ 12 സീറ്റുകളാണ് നിതീഷ് കുമാറിന്റെ ജെ.ഡി.യു രാജ്യത്താകമാനം നേടിയത്. ലോക്സഭയിലെ ഏഴാമത്തെ വലിയ പാര്‍ട്ടിയും ബി.ജെ.പിയെ ഭൂരിപക്ഷത്തിലെത്താന് സഹായിച്ച പ്രധാന സഖ്യകക്ഷികളില്‍ ഒന്നുമാണ് ജെ.ഡി.യു. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും ബി.ജെ.പിയും ജെ.ഡി.യുവും സഖ്യകക്ഷികളാണ്. രാഷ്ട്രീയ കൂറുമാറ്റത്തിന് പേരുകേട്ട ജെ.ഡി.യു പ്രസിഡന്റും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, പ്രതിപക്ഷ ബ്ലോക്കില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് എന്‍.ഡി.എയിലേക്ക് എത്തിയത്.


