അശ്റഫ് ആളത്ത്
ദമ്മാം: സഊദി അറേബ്യയിലെ ദമ്മാമിനടുത്ത ജുബൈലിൽ പ്രവാസിയായ ഉത്തരപ്രദേശ് സ്വദേശി ദാരുണമായി കൊല്ലപ്പെട്ടു.
പ്രതിയെന്ന് സംശയിക്കുന്ന ഇയാളുടെ മകനെ ജുബൈൽ പോലീസ് കസ്റ്റഡിയിലെടുത്തു.യുപി സ്വദേശിയായ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് (53) ആണ് കൊല്ലപ്പെട്ടത്.സന്ദർശക വിസയിലെത്തി ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന മകൻ കുമാർ യാദവാണ് പിതാവിനെ അതിദാരുണമായി കൊലപ്പെടുത്തിയത്.
കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ബ്രിഗുനാഥ് യാദവിൻറെ
കണ്ണുകൾ ചൂഴ്ന്നെടുത്തും കൈകൾ വെട്ടിമാറ്റിയും നിഷ്ടൂരമായി ആക്രമിച്ചു വികൃതമാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വദേശത്ത് ലഹരിക്കടിമയായിരുന്ന മകനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പിതാവ് സഊദിയിലേക്ക് കൊണ്ടുവന്നത്. ഒന്നരമാസം മുമ്പ് ജുബൈലിൽ എത്തിയ മകൻ പിതാവിനോടൊപ്പം ഒരുമുറിയിൽ ഒന്നിച്ചായിരുന്നു താമസം.
എന്നാൽ അച്ഛൻ്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി കുമാർ യാദവ്ക്രൂദ്ധനാവുക പതിവായിരുന്നു.ഇത് അച്ഛന്റെ കൊലപാതകത്തിൽ കലാശിച്ചതായാണ് പ്രാഥമിക വിവരം.സംഭവം അറിഞ്ഞെത്തിയ ജുബൈൽ പൊലീസ് കുമാർ യാദവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. കൊല്ലപ്പെട്ട ശ്രീകൃഷ്ണ യാദവ് ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.


