കാഠ്മണ്ഡു: നേപ്പാളിലെ സംഘര്‍ഷത്തില്‍ മരണം 51 ആയി ഉയര്‍ന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലും സംഘര്‍ഷത്തിനിടയിലെ വിവിധ അപകടങ്ങളിലും മരിച്ചവരുടെ കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരിയുമാണ്. മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ത്രിഭുവന്‍ യൂണിവേഴ്സിറ്റി ടീച്ചിങ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംഘര്‍ഷത്തെ തുടര്‍ന്ന് ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ട 12,500-ലധികം തടവുകാരെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിത തിരച്ചില്‍ തുടരുന്നു. കാഠ്മണ്ഡു താഴ്വരയില് പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.
അതേസമയം, നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ആയേക്കുമെന്ന സൂചനകള്‍ പുറത്തുവന്നു. പ്രതിഷേധിക്കുന്ന ജെന്‍സി വിഭാഗമാണ് കര്‍ക്കിയുടെ പേര് മുന്നോട്ടുവച്ചത്. 2016 ജൂലൈ മുതല്‍ 2017 ജൂണ്‍ വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് പ്രവര്‍ത്തിച്ച കര്‍ക്കി, ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ കൈക്കൊണ്ട കര്‍ശന നിലപാടുകള്‍കൊണ്ട് അറിയപ്പെട്ടിരുന്നു.


