കര്‍ണാടകയില്‍ മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തി ബി.ജെ.പി നേതാവ്. മുന്‍ എം.പിയും ബി.ജെ.പി അംഗവുമായ പ്രതാപ് സിംഹയാണ് വിവാദ പ്രസ്താവന നടത്തിയത്. മുസ്ലിംകള് വിഭജന സമയത്ത് തന്നെ രാജ്യം വിട്ട് പോകേണ്ടവരായിരുന്നെന്നും അവര്‍ കുട്ടികളെ ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് പ്രസ്താവന. ഒപ്പം കര്‍ണാടകയില്‍ ബുള്‍ഡോസര്‍ നീതി കൊണ്ടുവരണമെന്നും സിംഹ കൂട്ടിച്ചര്‍ത്തു. ‘വിഭജന വേളയില്‍ തന്നെ മുസ്ലിങ്ങള്‍ ഭാരതം വിട്ടുപോകേണ്ടതായിരുന്നു. പിന്നോക്കം നില്ക്കുന്നവര് ജനസംഖ്യ വര്‍ധിപ്പിക്കാന്‍ വേണ്ടി മാത്രമാണ് കുട്ടികളെ വളര്‍ത്തുന്നത്, ‘അദ്ദേഹം പറഞ്ഞു.
ഉദയഗിരി പൊലീസ് സ്റ്റേഷന് ആക്രമണ കേസിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതാപ് സിംഹ. മാധ്യമങ്ങളുടെ ഒരു ചോദ്യത്തിന് മറുപടിയായി മുസ്ലിം ഭരണാധികാരികള്‍ ധൈര്യശാലികളല്ലെന്ന് സിംഹ പറഞ്ഞു. ‘മുസ്ലിം ഭരണാധികാരികള്‍ ധൈര്യശാലികളല്ലായിരുന്നു മറിച്ച് ക്രൂരന്മാരായിരുന്നു. മുസ്ലിങ്ങള്‍ക്ക് ധൈര്യം എന്താണെന്ന് അറിയില്ലായിരുന്നു. അവര്‍ അക്രമാസക്തരും ക്രൂരന്മാരുമായിരുന്നു, ‘ സിംഹ പറഞ്ഞു.
‘കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് ഹിന്ദുക്കള്‍ക്ക് നേരെ കല്ലെറിയാന്‍ സൗജന്യ അനുമതി നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോലെ ‘ബുള്‍ഡോസര്‍’ ഭരണം കൊണ്ടുവരാന്‍ ഇവിടെ ആര്‍ക്കാണ് ധൈര്യം? മുഖ്യമന്ത്രി സിദ്ധരാമയ്യയില്‍ നിന്നോ ആഭ്യന്തരമന്ത്രി ജി. പരമേശ്വരയില്‍ നിന്നോ നമുക്ക് അത് പ്രതീക്ഷിക്കാമോ? കര്‍ണാടകയിലും ഉത്തര്‍പ്രദേശിലെ നിയമം വേണം,’ സിംഹ പറഞ്ഞു.


