വണ്ടൂർ:വിൽപ്പനക്കായി കൊണ്ട് പോകുന്നതിനിടെ എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ. പാണ്ടിക്കാട് സ്വദേശികളായ രണ്ട് പേരെയാണ് വണ്ടൂരിൽ വെച്ച് ഡാൻസാഫ് സംഘം സാഹസികമായി പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം.
മുപ്പത് വയസ്സുകാരനായ പാണ്ടിക്കാട് ഒറവമ്പുറം കുന്നുമ്മൽ ഷഹനുൽ ഫർഷാദ്, ഇരുപത് വയസ്സുകാരനായ അരിക്കണ്ടംപാക്ക് കണ്ണൻചെത്ത് ശാഹുൽ ഹമീദ് എന്നിവരെയാണ് വണ്ടൂർ പോലീസും, ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. വണ്ടൂർ ടൗണിലും പരിസരങ്ങളിലും കാറിൽ കറങ്ങി നടന്ന് ആവശ്യക്കാർക്ക് എം.ഡി. എം.എ. എത്തിച്ചു കൊടുക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. രാത്രി എട്ടു മണിക്ക് വണ്ടൂർ പുളിക്കലിൽ ഇവർ കാറുമായി നിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചാണ് ഡാൻസാഫ് സംഘം എത്തിയത്. ഇതോടെ ഡാൻസാഫ് സംഘത്തിന്റെ വാഹനത്തിൽ ഇവർ സഞ്ചരിക്കുകയായിരുന്ന കാർ ഇടിച്ച് കടന്നു കളയാനുള്ള ശ്രമവും ഉണ്ടായി.
തുടർന്ന് അൽപ്പം സാഹസിക്കപ്പെട്ടാണ് പോലീസ് ഇവരെ കീഴടക്കിയത്. 1.84 ഗ്രാം എം ഡി എം എ, ഇലക്ട്രോണിക്ക് ത്രാസ്സുകൾ, എം.ഡി. എം.എ ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് പൈപ്പ് എന്നിവയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി സെൻ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതികൾ വിൽപ്പന നടത്തിയിരുന്നത്. പിടിയിലായ ഷഹനുൽ ഫർഷാദിന് മഞ്ചേരി പോലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യത്തിന് 2 കേസ്സുണ്ട്. വണ്ടൂർ പോലീസ് സബ് ഇൻസ്പെക്ടർ എം ആർ സജി, സിപിഒ കെ പി വിനേഷ്, ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


