ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിര്‍മാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കില്‍ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ ജോസഫ് ഇക്കാര്യം പറഞ്ഞത്. ആന്റോ എന്താണ് ഉദ്ദേശിച്ചതെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസിലായില്ലെങ്കിലും പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ മുഴുവന്‍ മമ്മൂട്ടിയാണ്. പൂര്‍ണ ആരോഗ്യവാനെന്ന സൂചന നല്‍കിയാണ് മമ്മൂട്ടിയുടെ പേര്‍സണല്‍ അസിസ്റ്റന്റ് ആയ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്.
സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി എന്നായിരുന്നു…
മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ച് ജോര്‍ജ് കുറിച്ചത്.
മലയാള സിനിമയിലെ പ്രമുഖര്‍ ആന്റോ ജോസഫിന്റെ പോസ്റ്റിന് താഴെ ആശംസകളും പ്രാര്‍ത്ഥനകളും നല്‍കിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കുറച്ചു കാലമായി സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു മമ്മൂട്ടി.
ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ കമന്റുമായി മാല പാര്‍വതി, സംവിധായകന് കണ്ണന് താമരക്കുളം തുടങ്ങിയവര്‍ രംഗത്തെത്തി. എക്കാലത്തെയും വലിയ വാര്‍ത്തയെന്ന് നടി മാല പാര്‍വതി കമന്റ് ചെയ്തു. ഇത്രയും ആളുകള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന് കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ എന്ന് സംവിധായകന് കണ്ണന് താമരകുളവും കമന്റ് ചെയ്തു.


