ന്യൂഡല്‍ഹി: വോട്ട് കൊള്ളയെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ മോദി സര്‍ക്കാരിന് ഭരണത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടമായെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി.പി അഷ്റഫലി. വോട്ട് ചോരി, അസം കൂട്ട കുടിയൊഴിപ്പിക്കല്‍ എന്നിവയില്‍ പ്രതിഷേധിച്ച് ജന്ദര്‍ മന്ദറില്‍ ഇന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ലോക് തന്ത്ര് സംരക്ഷണ് മാര്‍ച്ചിനെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 10.30ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള യൂത്ത് ലീഗ് കേഡര്‍മാര്‍ പങ്കെടുക്കുമെന്നു നേതാക്കള്‍ അറിയിച്ചു. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. അഡ്വ. ഹാരിസ് ബീരാന് എം.പി, ഇമ്രാന് പ്രതാപ്ഗര്‍ഹി എം.പി, അല്‍ക ലാംബ, യോഗേന്ദ്ര യാദവ് അഭിസംബോധന ചെയ്യും.
അസമില്‍, ഹിമന്ത ബിശ്വ ശര്‍മയുടെ ബി.ജെ.പി സര്‍ക്കാര്‍ നിയമവാഴ്ച നഗ്നമായി ലംഘിക്കുകയാണ്. രാഷ്ട്രീയ മുതലെടുപ്പിനായി സര്‍ക്കാര്‍ സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുന്നു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുപകരം ബി.ജെ.പി നേത്യത്വ ത്തിലുള്ള സര്‍ക്കാറുകള്‍ ആളുകളെ വിഭജിക്കുന്ന തിരക്കിലാണ്. അനധികൃത കുടിയേറ്റ പ്രശ്നത്തിന്റെ മറവില്‍ സംസ്ഥാനത്തെ മുസ്ലിംകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ്. സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ ജനങ്ങളുടെ വീടുകള്‍ തകര്‍ക്കുന്നത് കോടതിയ ലക്ഷ്യ നടപടിയാണെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്ത സമ്മേളനത്തില്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ആസിഫ് അന്‍സാരി, യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഡ്വ. ഷിബു മീരാന്‍, സെക്രട്ടറി സി.കെ ഷാക്കിര്‍, എക്സിക്യൂട്ടിവ് അംഗം അഡ്വ. മര്‍സുഖ് ബാഫഖി എന്നിവരും സംബന്ധിച്ചു.


