ദോഹ: ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനി. ഇസ്രയേലിൻ്റെ നടപടിയെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും രൂക്ഷമായ ഭാഷയിലാണ് ഖത്തർ പ്രധാനമന്ത്രി വിമർശിച്ചത്.
ഇസ്രയേലിൻ്റെ ആക്രമണം ഭരണകൂട ഭീകരതയാണെന്ന് ഖത്തർ പ്രധാമന്ത്രി വിമർശിച്ചു. ‘ഇത്തരമൊരു നടപടിയിൽ ഞങ്ങൾ എത്രമാത്രം രോഷാകുലരാണെന്നത് പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങളെ വഞ്ചിച്ചു’ എന്നായിരുന്നു ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണം.
‘ഗാസയിൽ അവശേഷിക്കുന്ന തടവുകാരുടെ ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷകളെ ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ ഇല്ലാതാക്കിയിട്ടുണ്ടെ’ന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ‘ഇന്റർനാഷണൽ ക്രിമിനൽ കോടതി അല്ലെങ്കിൽ ഐസിസി അന്വേഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലുള്ള ഒരാൾ നിയമത്തെക്കുറിച്ച് പ്രസംഗിക്കാൻ ശ്രമിക്കുന്നു. അദ്ദേഹം എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചു’ എന്ന രൂക്ഷവിമർശനമാണ് ഷെയ്ഖ് മുഹമ്മദ് ഉന്നയിച്ചത്.


