എറണാകുളത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഗുരുതര പിഴവുകളെന്ന് പരാതി. കൊച്ചി കോര്പറേഷന് തെരഞ്ഞെടുപ്പിലേക്കുളള വോട്ടര്‍ പട്ടികയില്‍ ഇതര സംസ്ഥാന തൊഴിലാളികളെയും ചേര്‍ത്തതായി യുഡിഎഫ് ആരോപണം.
ആള്‍താമസമില്ലാത്ത വീട്ടില്‍ മാത്രം മുപ്പതിലധികം താമസക്കരുടെ പേരുകള്‍ പട്ടികയിലുണ്ടെന്നും യുഡിഎഫ് പരാതിയില്‍ പറയുന്നു. മുണ്ടംവേലി, മാനാശേരി, ഐലന്‍ഡ് തുടങ്ങിയ ഡിവിഷനുകളിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ ചേര്‍ത്തതായി വ്യാപക പരാതി ഉയരുന്നത്. മുണ്ടംവേലി ഈസ്റ്റിലെ ഒരു വീട്ടു നമ്പറില്‍ 34 താമസക്കാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ വീട്ടു നമ്പറില്‍ മൂന്നുപേരാണുള്ളത്.
ഗാന്ധിനഗര്‍ ഡിവിഷനിലെ താമസക്കാരായ നാനൂറോളം ആളുകളുടെ വോട്ടുകള്‍ ഡിവിഷന് അതിര്‍ത്തി മറികടന്ന് ഗിരിനഗര്‍ ഡിവിഷനില്‍ ഉള്‍പ്പെടുത്തിയതായും പരാതിയുണ്ട്. വോട്ടര്‍പട്ടികയിലെ വ്യാപക ക്രമക്കേടുകള്‍ക്കെതിരെ പ്രതിപക്ഷം പരാതി നല്‍കിയിട്ടുണ്ട്.


