ഗുവാഹത്തി: ആസാമിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളെ മുസ്ലിം ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദർശിച്ചു. ദേശീയ സെക്രട്ടറി സികെ സുബൈർ, അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി തൗസീഫ ഹുസൈൻ എംഎസ്എഫ് ദേശീയ സെക്രട്ടറി ദഹറുദ്ദീൻ ഖാൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ദുബ്റി, ഗോൽപറ ജില്ലകളിലെ കുടിയിറക്കപ്പെട്ട ഇടങ്ങളാണ് സംഘം സന്ദർശിച്ചത്. സർക്കാർ ഭൂമി കയ്യേറ്റം പറഞ്ഞ് 4000 കുടുംബങ്ങളെയാണ് ബിജെപിയുടെ ഹേമന്ത് വിശ്വസർമ സർക്കാർ പുറത്താക്കിയിരിക്കുന്നത്. പകരം സർക്കാർ കൊടുക്കുമെന്ന് പറഞ്ഞ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്തിയിട്ടില്ല. വംശീയമായ തുടച്ചുനീക്കലിന്റെ സ്വഭാവം ഈ നടപടിക്കുണ്ടെന്ന് ലീഗ് സംഘം ആരോപിച്ചു.
സ്വാതന്ത്ര്യത്തിനു മുന്നേ ആസാമിൽ വന്നു താമസിച്ചവരെയാണ് വിദേശ മുദ്രകുത്തി തുടച്ചുനീക്കാൻ സർക്കാർ പദ്ധതിയിടുന്നത്. കോർപ്പറേറ്റ് ഭീമന്മാർക്ക് ഭൂമി പതിച്ചു നൽകാനുള്ള അജണ്ടയും ഇതിൻറെ പിന്നിൽ ഉണ്ടെന്ന് പ്രതിനിധി സംഘം പറഞ്ഞു. ലീഗ് പ്രതിനിധി സംഘത്തെ ഉന്നത പോലീസ് സംഘം പലയിടങ്ങളിൽ ഡിഎസ്പി അംബരീഷ് ശർമ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.
വിവിധ ക്യാമ്പുകളിലേക്ക് പുറപ്പെടാൻ സമ്മതിച്ചില്ല. ഇതൊരു സാമുദായിക പ്രശ്നമല്ല പാർപ്പിടസംബന്ധമായ രേഖകളുടെ സാധാരണ വിഷയമാണെന്നാണ് അധികൃതരുടെ പക്ഷം. എങ്കിൽ പിന്നെ ഒരു പ്രത്യേക സമുദായത്തെ മാത്രം എന്തിന് ലക്ഷ്യം വെക്കുന്നു എന്നാണ് ലീഗ് പ്രതിനിധി സംഘം അധികൃതരോട് ചോദിച്ചത്.
അതിനിടെ ഈ വിഷയത്തിൽ നിയമ പോരാട്ടം നടത്താൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തീരുമാനിച്ചു. അനധികൃതമായ കുടിയേറ്റത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡൽഹിയിൽ ഇടി മുഹമ്മദ് ബഷീർ എംപിയുടെ വസതിയിൽ ഇത് സംബന്ധമായ ആലോചന നടത്തി നിയമപോരാട്ടത്തിലേക്ക് പാർട്ടി കടക്കും.


