കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍. നേരത്തെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഭാര്യയെ രക്ഷപ്പെടുത്താനാകുമായിരുന്നെന്ന് വിശ്രുതന്‍ പറഞ്ഞു. ഉണ്ടായത് കടുത്ത അനാസ്ഥയാണെന്നും ഉപയോഗശൂന്യമായ കെട്ടിടമെന്ന് മന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
മന്ത്രി ഇല്ലാത്ത കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്നും വീഴ്ച മറച്ചു വയ്ക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ശ്രമിച്ചെന്നും ബിന്ദുവിന്റെ ഭര്‍ത്താവ് പറഞ്ഞു. കളക്ടറോ അധികാരികളോ മന്ത്രിമാരോ ബന്ധപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പതിനൊന്ന് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം.
മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കാനായി ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയതായിരുന്നു. അപ്പോഴായിരുന്നു അപകടം നടന്നത്. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
തലയോലപ്പറമ്പ് പള്ളിക്കവലയില്‍ താമസിക്കുന്ന ബിന്ദു വസ്ത്രശാലയില്‍ ജീവനക്കാരിയായിരുന്നു. കെട്ടിടം തകര്‍ന്നതിന് പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന് ഭര്‍ത്താവ് പരാതി ഉന്നയിച്ചിരുന്നു.
തകര്‍ന്നുവീണ 13-ാം വാര്‍ഡിലാണ് ബിന്ദു പോയതെന്നും 13, 14 വാര്‍ഡിലുള്ളവര്‍ 14-ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്നുമായിരുന്നു ബന്ധുക്കള്‍ ആരോപിച്ചത്. കാഷ്വാലിറ്റിയില്‍ അടക്കം തെരച്ചില്‍ നടത്തിയിട്ടും ബിന്ദുവിനെ കണ്ടുകിട്ടാതെ വന്നതോടെ ബന്ധുക്കള്‍ പരാതി ഉന്നയിക്കുകയായിരുന്നു.
അതേസമയം തകര്‍ന്നുവീണ കെട്ടിടം റവന്യൂ സംഘം ഇന്ന് പരിശോധിക്കും. കളക്ടറുടെ നേതൃത്വത്തിലാവും റവന്യൂ സംഘം പരിശോധന നടത്തുക.


