ചെന്നൈ: കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയിനെതിരെ എഫ്ഐആറില്‍ ഗുരുതര ആക്ഷേപം ഉയര്‍ന്നു. പരിപാടിക്ക് നിശ്ചിത സമയപരിധിയോടെ അനുമതി നല്‍കിയിരുന്നുവെങ്കിലും, വിജയ് മനഃപൂര്‍വം നാലു മണിക്കൂറോളം വൈകിയെന്നും, അനുവാദമില്ലാതെ റോഡ് ഷോ നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.
11 പേരുടെ മരണം സ്ഥിരീകരിച്ചശേഷമാണ് രാത്രി 9 മണിയോടെ കേസ് രജിസ്റ്റര്‍ ചെയ്തത്. വിജയ് കരൂരില്‍ ശക്തി പ്രകടനം ലക്ഷ്യമിട്ട് ആള്‍ക്കൂട്ടം കൂടുതലായി എത്തിക്കുന്നതിനായി വൈകിയെത്തിയെന്നും, ഇടയ്ക്കിടെ റോഡിലിറങ്ങി സ്വീകരണം ഏറ്റുവാങ്ങിയതും പ്രശ്നം രൂക്ഷമാക്കിയതാണെന്നും രേഖപ്പെടുത്തുന്നു.
പോലീസ് ഡിഎസ്പി തമിഴക വെട്രി പരിപാടി ഇനി വൈകരുതെന്നും, അനുമതിയില്ലാതെ റോഡിലിറങ്ങുന്നത് അപകടകാരിയാണെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അത് പാലിച്ചില്ലെന്നാണ് ആരോപണം. മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് എഫ്ഐആറില്‍ പറയുന്നു.
എങ്കിലും വിജയിന്റെ പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിജയിനെ നേരിട്ട് പ്രതി ചേര്‍ക്കുന്നത് രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന വിലയിരുത്തലാണ് കാരണം.
അതേസമയം, ദുരന്തത്തില്‍ ഗൂഢാലോചന ഉണ്ടായതായി ആരോപിച്ച്, സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഡിഎംകെ നേതാവും മന്ത്രിയുമായ സെന്തില്‍ ബാലാജി അടക്കമുള്ളവര്‍ ആസൂത്രണം ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ടിവികെയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
ദുരന്തത്തില്‍ 41 പേര് മരിച്ചതായും, നിരവധി പേര് ഗുരുതരമായി പരിക്കേറ്റിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദന്, ജില്ലാ ഭാരവാഹികളായ മതിയഴകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കരൂരിലേക്ക് പോകാന്‍ വിജയ് അനുമതി തേടിയെങ്കിലും പൊലീസ് നിരസിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ വിജയ് സമീപിച്ചിട്ടുണ്ട്.


