ലോകസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയെ വെടിവെക്കുമെന്ന ബിജെപി നേതാവ് പ്രിന്റു മഹാദേവിന്റെ പരാമര്‍ശത്തില്‍ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് നേതാവ് സി.സി ശ്രീകുമാറിന്റെ പരാതിയില്‍ തൃശൂര്‍ പേരാമംഗലം പൊലീസാണ് കേസെടുത്തത്. ചാനല്‍ ചര്‍ച്ചക്കിടെയാണ് പ്രിന്റു വിവാദ പരാമര്‍ശം നടത്തിയത്.
കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍, കൊലവിളി പ്രസംഗം എന്നിവ ചുമത്തിയാണ് കേസ്. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചക്കിടെയാണ് പരസ്യമായി രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട വീഴുമെന്നായിരുന്നു പരാമര്‍ശം. സംഭവത്തില്‍ ബിജെപിക്കെതിരെ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കത്തയച്ചിരുന്നു. പ്രിന്റു മഹാദേവിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.


