ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍വച്ച് 16 കാരനായ ജുനൈദ് ഖാന് എന്ന വിദ്യാര്‍ത്ഥിയെ വിദ്വേഷക്കൊലപാതകത്തിന് ഇരയാക്കിയ കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ പഞ്ചാബ് – ഹരിയാന ഹൈക്കോടതി തള്ളി. ഏറെ ഗൗരവവും വൈകാരികതയുമുള്ള ഈ കേസില്‍ ആര്‍ക്കെങ്കിലും ജാമ്യം നല്കുകയാണെങ്കില് സാക്ഷികളുടെ മൊഴിയെടുക്കുന്നതിന് സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണമെന്ന് നിരീക്ഷിച്ചാണ് നരേഷ് കുമാര്‍ എന്നയാളുടെ ജാമ്യം നിഷേധിച്ചത്.
ഐ.പി.സിയിലെ 302, 307, 323, 324,34 തുടങ്ങിയ കടുത്ത വകുപ്പുകള്‍ നേരിടുന്ന പ്രതിയാണ് ഹരജിക്കാരനെന്നും ചീഫ് ജസ്റ്റിസ് ഷീല് നാഗു നിരീക്ഷിച്ചു. അതേസമയം, സാക്ഷിമൊഴിയെടുപ്പ് പൂര്‍ത്തിയായ ശേഷം ഹരജിക്കാരന് വേണമെങ്കില്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.
2017 ജൂണ്‍ 22നാണ് ഡല്‍ഹിയില്‍ നിന്ന് സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം പെരുന്നാള്‍ വസ്ത്രങ്ങളുള്‍പ്പെടെ വാങ്ങിവരികയായിരുന്ന ജുനൈദ് കൊല്ലപ്പെട്ടത്. സഹോദരന് മര്‍ദനത്തില്‍ സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഖുര്‍ആന്‍ മനപ്പാഠമാക്കിയിരുന്ന ഹാഫിസ് ജുനൈദിനെ മുസ്ലിംവിരുദ്ധ പരാമര്‍ശങ്ങളും ആക്ഷേപവാക്കുകളും ചൊരിഞ്ഞ ശേഷമാണ് ചവിട്ടിയും അടിച്ചും കൊലപ്പെടുത്തിയത്. സംഭവം രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.


