ഒഡീഷയില്‍ മലയാളി വൈദികരും കന്യാസ്ത്രീകളും അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മരണാനന്തര കുര്‍ബാനയ്ക്ക് പോയി തിരിച്ച് വരുമ്പോഴാണ് മലയാളി വൈദികരും കന്യാസ്ത്രീകളും ഒരു സുവിശേഷകനും ആക്രമിക്കപ്പെട്ടതെന്ന് മാര്‍ ആന്‍ഡ്രൂസ് പറഞ്ഞു.
‘സുവിശേഷകന് ബൈക്കിലായിരുന്നു സഞ്ചരിച്ചത്. ആദ്യം സുവിശേഷകനായിരുന്നു പോയത്. തീവ്രവാദി ഗ്രൂപ്പെന്ന് വിളിക്കാന്‍ പറ്റുന്നവര്‍ ഇയാളെ തടയുകയും വണ്ടിയില്‍ നിന്നിറക്കി വാഹനത്തിന്റെ കാറ്റ് അഴിച്ചുവിടുകയും ചെയ്തു. പിടിച്ച് വലിച്ച് ഷര്‍ട്ട് കീറി, അസഭ്യം പറഞ്ഞു. ആക്രമിച്ചു. മൊബൈല്‍ വാങ്ങിച്ചുവെച്ചു. മതപരിവര്‍ത്തനത്തിന് വന്നതല്ലേയെന്ന് ചോദിച്ചു’, അദ്ദേഹം പറഞ്ഞു.
പിന്നാലെ വന്ന കന്യാസ്ത്രീകളുടെയും വൈദികരുടെയും വാഹനം തടഞ്ഞുനിര്‍ത്തി അവരെ പുറത്തിറക്കി. പിന്നാലെ മതപരിവര്‍ത്തനത്തിന് വന്നതാണെന്ന് ആക്രോശിച്ചുവെന്നും മാര്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഇവിടെ ആക്രമിക്കപ്പെടുന്നത് ക്രൈസ്തവ ന്യൂനപക്ഷം മാത്രമല്ലെന്നും ഇന്ത്യയുടെ ഭരണഘടനയും മതസ്വാതന്ത്ര്യവുമാണെന്നും മാര്‍ ആന്‍ഡ്രൂസ് പറഞ്ഞു. ക്രൈസ്തവരോട് കുറേ നാളായി വിവേചനം കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മതവിശ്വാസം സ്വീകരിക്കാനും പ്രചരിപ്പിക്കാനും അവകാശം ഭരണഘടന തരുന്നു. മതസ്വാതന്ത്ര്യത്തിന് സംരക്ഷണം നല്‍കണം. ആര് ഭരിച്ചാലും ഭരിക്കുന്ന സര്‍ക്കാറിന് ഉത്തരവാദിത്തം ഉണ്ട്.’, അദ്ദേഹം വ്യക്തമാക്കി.
ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെയെടുത്ത കേസ് റദ്ദാക്കണം. നിര്‍ബന്ധിത മതപരിവര്‍ത്തനം സഭയും എതിര്‍ക്കുന്നുവെന്നും എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് വൈദികരെ ആക്രമിക്കുന്നതിനെ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


