ഗസ്സ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഫലസ്തീന് മണ്ണില്‍ അതിരൂക്ഷമായ കരയാക്രമണം ആരംഭിച്ചിരിക്കുകയാണ് ഇസ്രാഈല്‍. യുദ്ധത്തിലെ ഏറ്റവും നിര്‍ണായക ഘട്ടം ആരംഭിച്ചെന്ന ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിനു പിന്നാലെ തലങ്ങും വിലങ്ങുമുള്ള മാരക ബോംബിങ്ങില്‍ ഗസ്സ കത്തിയെരിയുകയാണ്. ‘ഗസ്സ കത്തുകയാണ്. ദൗത്യം പൂര്‍ണമാകുംവരെ നിര്‍ത്തുകയില്ല’ എന്നാണ് പ്രതിരോധമന്ത്രി ചോരയുടെ മണമുള്ള അക്ഷരങ്ങളാല്‍ എക്സില്‍ കുറിച്ചിരിക്കുന്നത്. വംശഹത്യ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണത്തിന് തുടക്കമിട്ട ദിവസം തന്നെ 68 ഫലസ്തീനികള്‍ രക്തസാക്ഷികളായപ്പോള് 386 പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. രണ്ടു വര്‍ഷമായി തുടരുന്ന ഇസ്രാഈലിന്റെ ഗസ്സ ആക്രമണ ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ബോംബിങ് ആണ് കഴിഞ്ഞ ചൊവ്വാഴ്ച്ച നടന്നത്. യൂറോപ്യന്‍ രാജ്യങ്ങളുടെ ഉപരോധ ഭീഷണിയും ഇസ്രാഈലിലെ തന്നെ സൈനിക, പ്രതിരോധ രംഗത്തുള്ളവരുടെ മുന്നറിയിപ്പും അവഗണിച്ചാണ് ഗസ്സയില്‍ കരയാക്രമണം എന്ന സാഹസത്തിന് നെതന്യാഹു മുതിര്‍ന്നിരിക്കുന്നത്. ഗസ്സയില്‍ ഇസ്രാഈല്‍ ഫലസ്തീനികളെ വംശഹത്യ ചെയ്യുകയാണെന്ന് ഐക്യരാഷ്ട്രസഭതന്നെ അടിവരയിട്ടിരിക്കുകയാണ്. യു.എന്‍ നിയമിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രാഈലി നേതാക്കളായ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധ മന്ത്രി യൊഹാവ് ഗാലന്റ്, പ്രസിഡന്റ് ഇസാഖ് ഹെര്‍സോഗ് തുടങ്ങിയവര്‍ വംശഹത്യക്ക് ഉത്തരവാദികളാണെന്ന കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ യു.എന്‍ കണ്ടെത്തലുകള്‍ വ്യാജമെന്നായിരുന്നു ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ ഹമാസിന്റെ നിഴലുകളായി മാറിയെന്നും റിപ്പോര്‍ട്ട് പൂര്‍ണമായും ഹമാസിന്റെ വ്യാജ ആരോപണങ്ങളെ ആശ്രയിച്ചാണ് നിര്‍മിച്ചതെന്നും ഇസ്രാഈല്‍ ഈ വ്യാജ റിപ്പോര്‍ട്ടിനെ തള്ളുന്നതായും കമ്മിഷനെ ഉടന്‍ പിരിച്ചു വിടണമെന്നുമായിരുന്നു ഇസ്രാഈലിന്റെ പ്രതികരണം.
പത്തുലക്ഷത്തോളം ഫലസ്തീനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗസ്സയില്‍ ഇസ്രാഈല്‍ സേന കഴിഞ്ഞ ദിവസം സമ്പൂര്‍ണ ഒഴിപ്പിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് നഗരം ഇന്നുവരെ കണ്ടിട്ടില്ലാത്ത പലായനമായിരുന്നു ഗസ്സയില്‍ നടന്നത്. ജീവനില്‍ കൊതിയര്പ്പിച്ച് ലക്ഷങ്ങള്‍, പിറന്ന മണ്ണും ജനിച്ച നാടും ഉപേക്ഷിച്ച് ഗത്യന്തരമില്ലാതെ നടന്നു നീങ്ങിയെങ്കിലും പകുതിയോളം പേരും പോകാനിടമില്ലാതെ ഗസ്സയില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ഇവരെ ലക്ഷ്യം വെച്ചാണ് ഇസ്രാഈലിന്റെ സംഹാരതാണ്ഡവം. ഒരു ജനതയുടെ ഉന്മൂല നാശം ലക്ഷ്യം വെച്ചുകൊണ്ടുള്ള കണ്ണും മൂക്കുമില്ലാത്ത ആക്രമണത്തില്‍ നിരവധി ഫലസ്തീനികളാണ് ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. എഴുനൂറ് ദിവസം നീണ്ട ആക്രമണത്തിനൊടുവില്‍ എല്ലാം നശിപ്പിച്ചുവെന്നുറപ്പുവരുത്താനെന്നോണമുള്ള ഈ ആക്രമണത്തെ യു.എന്‍ ശിശു സംരക്ഷണ ഏജന്‍സി ഉള്‍പ്പെടെ അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം അപലപിച്ചിട്ടും ഒരു കൂസലുമില്ലാതെയാണ് ഇസ്രാഈലിന്റെ പുതിയ കാല്‍വെപ്പ്. അമേരിക്ക നല്കുന്ന പിന്തുണയാണ് ലോക ചരിത്ര ത്തില്‍ തന്നെ തുല്യതയില്ലാത്ത കാടത്തവുമായി മുന്നോട്ടുപോകാനുള്ള ഇസ്രാഈലിന്റെ പ്രേരണയെന്നതിന് തെളിവായിത്തീര്ന്നിരിക്കുകയാണ് കഴിഞ്ഞ ദിവസത്തെ യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക് റൂബിയോയുടെ ഇസ്രാഈല്‍ സന്ദര്‍ശനം. ഹമാസിനെതിരയെന്ന പേരിലുള്ള ഇസ്രാഈലിന്റെ സൈനിക നീക്കത്തിന് സര്‍വാത്മനായുള്ള പിന്തുണ വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്.
ഒരു നിമിഷം പോലും പാഴാക്കാതെയുള്ള ലോകമനസാക്ഷിയുടെ ഇടപെടല്‍ ഇപ്പോള്‍ ഫലസ്തീനില്‍ അനിവാര്യമായിരിക്കുകയാണ്. ഒരു ജനതയെ മാത്രമല്ല, ദേശത്തെ തന്നെ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാനുള്ള തയാറെടുപ്പുമായി എന്തിനും തയാറായുള്ള സയണിസ്റ്റ് നീക്കത്തെ കൈയ്യുംകെട്ടി നോക്കിനില്ക്കുന്ന ഏതൊരു ശക്തിയും ഈ വംശഹത്യക്ക് മൗനാനുവാദം നല്‍കുകയാണെന്ന കാര്യം അവിതര് ക്കിതമാണ്. ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുക വഴി ഫലസ്തീന് പ്രശ്നം പരിഹരിക്കാമെന്ന ന്യൂയോര്‍ക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയം ഫ്രാന്‍സ് പൊതുസഭയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രമേയത്തെ ഇന്ത്യയുള്‍പ്പെടെ 142 രാജ്യങ്ങള്‍ അനുകൂലിച്ചത് പ്രതീക്ഷാ നിര്ഭരമാണ്. ദോഹയില്‍ നടന്ന അറബ്, മുസ്ലിം രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയും ആശ്വാസത്തിന് വക നല്‍കുന്നതാണ്. ഇസ്രാഈലിന്റെ ഗസ്സ വംശഹത്യയോടുള്ള അറബ് ഇസ്ലാമിക് രാഷ്ട്രങ്ങളുടെ മൗനം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബ്ദുല്‍ ഗെയ്ഥിന്റെയും ഇസ്രാഈല്‍ അധിനിവേശത്തിനും അക്രമങ്ങള്‍ക്കുമെതിരെ ഉറച്ച നിലപാടു സ്വീകരിക്കാനുള്ള ഏറ്റവും നല്ല അവസരമാണിതെന്ന ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഹുസൈന് ഇബ്രാഹിം താഹയുടെയും വാക്കുകള്‍ ഈ വഴിയിലെ പ്രധാന ചുവടുവെപ്പാണ്. ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രത്തലവന്മാരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളായി പ്രാബല്യത്തില്‍ വരുത്താന്‍ സാധിച്ചാല്‍ തന്നെ ഇസ്രാഈലിന്റെ അഹങ്കാരത്തിന് മൂക്കുകയറിടാവുന്നതേയുള്ളൂ.


