ഗസ്സ: അധിനിവേശത്തിനിടെ ഫുട്ബോള്‍ അക്കാദമിയിലെ 10 കുട്ടികളെ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തി. അവസാനമായി കൊല്ലപ്പെട്ടത് 15കാരനായ മുഹമ്മദ് അല്‍-തല്ത്താനിയാണ്. വീടിന് മുന്നിലെ തെരുവില്‍ ഇസ്രാഈല്‍ ബോംബ് പതിച്ചാണ് മരണം സംഭവിച്ചത്. ഗസ്സയിലെ ഏറ്റവും പ്രതീക്ഷയുള്ള കുട്ടിക്കളിക്കാരായിരുന്നു ഇവര്‍.
റയല്‍ മാഡ്രിഡിലോ ബാഴ്സലോണയിലോ കളിക്കുമെന്ന സ്വപ്നവുമായി വളരുന്ന കഴിവുകളായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ അവരുടെ കരിയര്‍ പാതിവഴിയില്‍ അവസാനിപ്പിക്കപ്പെട്ടു. ‘അവരെല്ലാം പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കാനായിരുന്നു സ്വപ്നം. പക്ഷേ, ഇസ്രാഈല്‍ ആക്രമണം അവരുടെ ജീവിതവും സ്വപ്നവും ഇല്ലാതാക്കി,’ എന്ന് അക്കാദമി ഡയറക്ടര്‍ ഇയാദ് സിസാലാം പറഞ്ഞു.
യുദ്ധം ആരംഭിച്ചതിനു ശേഷം അക്കാദമിയിലെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുക മാത്രമാണ് ലക്ഷ്യമായി മാറിയത്. പലരും തെരുവില്‍ സാധനങ്ങള്‍ വിറ്റ് ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടി വന്നു. ‘ഭക്ഷണമോ വെള്ളമോ നല്ല വായുവോ ഒന്നുമില്ല. ടെന്റുകളിലാണ് ജീവിക്കുന്നത്. ഓരോ ദിവസവും അതിജീവിക്കുകയാണ്,’ എന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയില്‍ കരയാക്രമണത്തിന്റെ സുപ്രധാന ഘട്ടം ആരംഭിച്ചതായി ഐ.ഡി.എഫ് അറിയിച്ചു. 3,000ത്തോളം ഹമാസ് പോരാളികള്‍ നഗരത്തിലുണ്ടെന്ന അവകാശവാദവുമായി ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ആകാശം, കടല്‍, കര എന്നിവിടങ്ങളില്‍ നിന്ന് വന്‍ സ്ഫോടനങ്ങളാണ് നടക്കുന്നത്. ആയിരക്കണക്കിന് ഫലസ്തീനികള്‍ നഗരം വിട്ട് പലായനം ചെയ്യുന്നു. നിരവധി മൃതദേഹങ്ങള്‍ തെരുവുകളില്‍ ചിതറിക്കിടക്കുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്രമായ ബോംബാക്രമണമെന്നാണ് ഫലസ്തീനികളുടെ വിശേഷണം.


