അമീബിക് മസ്തിഷ്കജ്വരത്തില് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി. 12 മണിക്ക് ഇതുസംബന്ധിച്ച് ചര്‍ച്ച നടക്കും. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ അമീബിക് മസ്തിഷ്ക ജ്വരത്തില്‍ ചര്‍ച്ചയാവാമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ സ്പീക്കര്‍ ചര്‍ച്ചക്ക് അനുമതി നല്കി. ഉച്ചക്ക് ചര്‍ച്ച നടക്കും.
തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയില്‍ അടിയന്തര പ്രമേയം ചര്‍ച്ചക്ക് വരികയാണ്. കഴിഞ്ഞ ദിവസം കസ്റ്റഡി മര്‍ദനങ്ങളെ കുറിച്ചായിരുന്നു ചര്‍ച്ച.
സാധാരണ കാണപ്പെടുന്ന മസ്തിഷ്ക ജ്വരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറെ ഗുരുതരവും മരണസാധ്യത കൂടുതലുള്ളതുമായ രോഗമാണ് പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് എന്ന അമീബിക് മസ്തിഷ്ക ജ്വരം. ജലാശയങ്ങളില്‍ കാണപ്പെടുന്ന നഗ്ലേറിയ ഫൗലേറി വിഭാഗത്തില്‍ പെടുന്ന അമീബയാണ് ഇതുണ്ടാക്കുന്നത്.
മൂക്കിലൂടെ തലച്ചോറില്‍ പ്രവേശിക്കുന്ന അമീബ തലച്ചോറിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും നീര്‍ക്കെട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് അതിവേഗം ഗുരുതരമായി മസ്തിഷ്ക മരണം സംഭവിക്കുകയുമാണ് ചെയ്യുക. അക്കാന്തമീബ, ബലമോത്തിയ തുടങ്ങിയ അമീബകള്‍ ഉണ്ടാക്കുന്ന ഗ്രാന്വലോമാറ്റിസ് അമീബിക് മെനിഞ്ചൈറ്റിസ് എന്ന അമീബിക് മസ്തിഷ്ക ജ്വരവും ഉണ്ട്. പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസിന് അമീബ ശരീരത്തില്‍ പ്രവേശിച്ച് 14 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. എന്നാല്‍, ഗ്രാന്വലോ മാറ്റിസ് അമീബിക് മെനിഞ്ചൈറ്റിസിന് ആഴ്ചകള്‍ക്കകമാണ് ലക്ഷണങ്ങള്‍ പ്രകടമാവുക.


