ഗസ്സയില്‍ റമദാനില്‍ ആക്രമണം വേണ്ടെന്ന അമേരിക്കന്‍ നിര്‍ദേശം അംഗീകരിക്കുമെന്ന് ഇസ്രാഈല്‍. വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാംഘട്ടം അവസാനിച്ച പശ്ചാതലത്തിലാണ് അമേരിക്ക പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ ഈജിപ്തില്‍ നടന്ന രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
അതേസമയം, വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ അതിക്രമം തുടരുകയാണ് കരാറില്‍ നിന്ന് പിറകോട്ട് പോകാന്‍ നെതന്യാഹുവിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് രണ്ട് ബന്ധികളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത്തരം സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് നെതന്യാഹു തിരിച്ചടിച്ചു. അതോടൊപ്പം ഹമാസിന്റെ പക്കലുള്ള ബന്ദികളില്‍ പകുതി പേരെ ഇപ്പോള്‍ കൈമാറണമെന്ന ഇസ്രാഈലിന്റെ ആവശ്യം ഹമാസ് അംഗീകരിച്ചില്ല.
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള ഒന്നാം ഘട്ടവെടിനിര്‍ത്തല്‍ സമയ പരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. യു.എസ് ഇടപെടലിനെ തുടര്‍ന്ന് ഈജിപ്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ ഇസ്രാഈല്‍ പങ്കെടുതിതെങ്കിലും തീരുമാനമാകാത്തത് മൂലം സംഘം കൈറോയില്‍ നിന്ന് മടങ്ങിയിരുന്നു. അതേസമയം, ആദ്യ ധാരണകളില്‍ നിന്ന് പിന്നോട്ടുപോകാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് ഹമാസ് നിലപാടെടുത്തിരുന്നു. രണ്ടാം ഘട്ടത്തില്‍ ഫിലഡല്‍ഫി ഇടനാഴിയില്‍ നിന്നടക്കം ഗസ്സയില്‍ നിന്നുള്ള ഇസ്രാഈല്‍ സൈന്യത്തിന്റെ സമ്പൂര്‍ണ്ണ പിന്മാറ്റം അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി ഇസ്രായേല്‍ മുന്നോട്ടു വന്നു. ഇതോടെ കരാര്‍ അനിശ്ചിതത്വത്തിലാക്കി.
അതേസമയം ഇസ്രാഈലിന് മൂന്ന് ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ അമേരിക്ക ഉടന്‍ കൈമാറും. കവചിത ബുള്‍ഡോസറുകള്‍ ഉള്‍പ്പെടെ മൂന്ന് ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി ഇസ്രാഈലിന് കൈമാറാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.


