നാലു ജില്ലകളിലെ നിരപരാധികളായ ലക്ഷകണക്കിന് ആളുകളുടെ ഹൃദയത്തില്‍ തീ കോരിയിടുന്നതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ ദിവസമുണ്ടായ സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം. ഡാമിനു സുരക്ഷാഭീഷണി ആശങ്ക മാത്രമാണെന്നാണു കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. 135 വര്‍ഷത്തെ കാലവര്‍ഷം അണക്കെട്ട് അതിജീവിച്ചതാണെന്നും ആകാശം ഇടിഞ്ഞുവീഴുമെന്ന് കാര്‍ട്ടൂണ്‍ കഥാപാത്രം പറയുന്നതുപോലെയാണ് ഭീഷണിയെക്കുറിച്ചുള്ള ആശങ്കയെന്നും ബെഞ്ച് നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്.വി.എന്‍ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. വര്‍ഷങ്ങളായി ഡാം പൊട്ടുമെന്ന ഭീതിയില്‍ ആളുകള്‍ ജീവിക്കുകയാണെന്നും എന്നാല്‍ ഡാമിന്റെ ആയുസ് പറഞ്ഞതിനേക്കാള്‍ രണ്ടിരട്ടി കഴിഞ്ഞല്ലോയെന്നും കോടതി ചോദിച്ചു. സുരക്ഷാഭീഷണിയു ണ്ടെന്ന് പറയപ്പെടുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് തങ്ങള്‍. 135 വര്‍ഷത്തെ കാലവര്‍ഷം മറികടന്നതാണ്. ആ അണക്കെട്ട് നിര്‍മ്മിച്ചവരോട് നന്ദി പറയുന്നുവെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഋഷികേശ് റോയ് നേരത്തെ കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്നു. ജസ്റ്റിസ് എസ്.വി.എന്‍ ഭട്ടി ഹൈക്കോടതിയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അ ണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണിയുമായി ബന്ധപ്പെട്ട് ഡോ. ജോ ജോസഫ് ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഈ ഹര്‍ജിയും ആ ബെഞ്ച് പരിഗണിക്കുന്നതിനായി മാറ്റുകയും ചെയ്തിട്ടുണ്ട്. അതായത് ഡാമിന്റെ സുരക്ഷ സംബന്ധിച്ചുള്ള അന്തിമ വിധി മൂന്നംഗ ബെഞ്ചില്‍ നിന്നാണ് ഉണ്ടാവുക.
കേരളത്തെ സംബന്ധിച്ചിടത്തോളം കോടതിയുടെ നിരീക്ഷണം നിരാശാജനകമാണ്. സുപ്രീംകോടതിയില്‍ കേസ് വരുമ്പോഴെല്ലാം തോല്‍ക്കുന്ന പതിവാണ് കേരളത്തിനുള്ളത്. രാജ്യം കണ്ട ഏറ്റവും മികച്ച അഭിഭാഷകരെ ഇറക്കിയാണ് തമിഴ്നാട് കേസ് നടത്തുന്നത്. മൂന്നംഗ ബെഞ്ചില്‍ കേരളത്തിന്റെ വാദമുഖങ്ങള്‍ വ്യക്തമായും കൃത്യമായും അവതരിപ്പിക്കാന്‍ കഴിയുക എന്നതാണ് പുതിയ ഡാമിനു വേണ്ടിയുള്ള സം സ്ഥാനത്തിന്റെ ശ്രമങ്ങള്‍ വിജയത്തിലെത്തിക്കാന്‍ ആവശ്യമായി വേണ്ടത്. അതീവ ഗൗരവത്തില്‍തന്നെ ഇതിനെ കാണേണ്ടതുണ്ട്. സുരക്ഷാഭീഷണി ആശങ്ക മാത്രമാണ് എന്നു പറഞ്ഞ് കേരളത്തിനു സമാധാനമായി കിടന്നുറങ്ങാനാവില്ല. ആയിരക്കണക്കിനാളുകള്‍ ഈ ആശങ്ക പേറി എത്രകാലം ജീവിക്കുമെന്നത് ഗൗരവമുള്ള പ്രശ്നം തന്നെയാണ്. 2000ല്‍ മുല്ലപ്പെരിയാര്‍ ഭാഗത്തുണ്ടായ ഭൂകമ്പം ഡാമിന്റെ സമീപവാസികളെയും കേരളത്തിനെ പൊതുവെയും ഭയചകിതരാക്കിയിരുന്നു. ഡാമിന് സമീപമുള്ള ബേബി ഡാമും സുരക്ഷിതമല്ലെന്ന വാര്‍ത്തയും ആശങ്ക വര്‍ധിപ്പിക്കുന്നു. ഭ്രംശമേഖലയിലാണ് ഡാം സ്ഥിതി ചെയ്യുന്നത് എന്ന് ചില പഠനങ്ങളില്‍ പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി സംബന്ധിച്ച് നേരത്തേ ന്യൂയോര്‍ക്ക് ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. തകര്‍ച്ചാ സാധ്യതയില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ഡാമാണ് മുല്ലപ്പെരിയാറിലേത് എന്നാണ് ലേഖനത്തില്‍ വിശദീകരിക്കുന്നത്. നദീസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ നാഷണല്‍ റിവേഴ്സ് എന്ന സംഘടനയുടെ ഡയറക്ടര്‍മാരായ ജോഷ് ക്ലെം, ഇസബെല്ല വിങ്ക്ലര് എന്നിവര്‍ ചേര്‍ന്നാണ് ലേഖനം എഴുതിയത്. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് പല വിദഗ്ധരും ആശങ്കകള്‍ പങ്കുവച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ ഈ വിഷയം വര്‍ഷങ്ങളായി തമിഴ്നാടിനും കേന്ദ്ര സര്‍ക്കാരിനും മുന്നില്‍ അവതരിപ്പിക്കുന്നതുമാണ്. ഓരോ വര്‍ഷക്കാലത്തും മലയാളികളുടെ നെഞ്ചില്‍ തീകോരിയിടുകയാണ് മുല്ലപ്പെരിയാര്‍ ഡാം. അണക്കെട്ടില്‍ വെള്ളം നിറയുമ്പോള്‍ മലയാളികളുടെ നെഞ്ചില്‍ നിറയുന്നത് തീയാണ്. ഒരു ദിവസ ത്തിലധികം നിര്‍ത്താതെ മഴ പെയ്താല്‍ കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണിപ്പോള്‍. ഈ ആശങ്കകള്‍ക്കൊപ്പം മുല്ലപ്പെരിയാറും നില കൊള്ളാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
ഡാം തകര്‍ച്ചയും അതുമൂലം ജീവനാശവും പ്രകൃതി നാശവും പല രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. അമേരിക്കയില്‍ പെന്‍ സില്‍വാനിയയിലെ സൗത്ത് ഫോര്‍ക് ഡാം 1889 മേയ് 31 ന് തകര്‍ന്നു. പ്രദേശത്ത് അസാധാരണമാംവിധം വീശിയടിച്ച കാറ്റിനെത്തുടര്‍ന്നാണ് ഡാം തകരാന്‍ ഇടയായത്. 2209 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 17 മില്യണ്‍ ഡോളറിന്റെ നാശവും ഉണ്ടായി. ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ 1864ലുണ്ടായ ഡേല്‍ ഡൈക് റിസര്‍വോയര്‍ അപകടവും 244 പേരുടെ ജീവനെടുത്തു. ചെറിയൊരു വിള്ളല്‍ ഡാമിലുണ്ടെന്ന് ഒരു എഞ്ചിനീയര്‍ കണ്ടെത്തി മണിക്കൂറുകള്‍ക്കകമാണ് അപകടം. ബ്രസീലിലെ ഡാം ഐ എന്ന് വിളിക്കപ്പെടുന്ന ബ്രുമദിഞ്ഞോ ഡാം 2019ല്‍ തകര്‍ന്ന താണ് അടുത്തകാലത്തുണ്ടായ വലിയ നാശം വിതക്കുന്ന ഒന്ന്. 120 കിലോമീറ്റര്‍ നീളത്തില്‍ 21 മുനിസിപ്പാലിറ്റികള്‍ ഇല്ലാതായി. 270 പേര് മരിച്ചു. പലരെയും കണ്ടെത്താനേ കഴിഞ്ഞില്ല. സുര്‍ക്കി മിശ്രിതം ഉപയോഗിച്ചു നിര്‍മ്മിക്കപ്പെട്ട കാലപ്പഴക്കം ചെന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ശക്തമായ ഒരു വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാന്‍ കഴിയില്ല, അതുകൊണ്ട്തന്നെ അണക്കെട്ടിന്റെ താഴ്വരയില് താമസിക്കുന്ന ജനങ്ങള്‍ക്ക് അ ണക്കെട്ട് സുരക്ഷാഭീഷണിയാണ്. ലോകത്തില്‍ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. നിര്‍മ്മാണ കാലഘട്ടത്തില്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുര്‍ക്കി മിശ്രിതം ഉപയോഗിച്ചു നിര്‍മിച്ച അണക്കെട്ടുകളില്‍ ലോകത്ത് ഇന്ന് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളില്‍ ഒന്നാണ് മുല്ലപ്പെരിയാര്‍.
അപകടം സംഭവിച്ചതിന് ശേഷം നടത്തുന്ന കുറ്റപ്പെടുത്തലുകളേക്കാളും നല്ലത് അപകടം വരാതെ നോക്കുക എന്നതാണ്. 50 വര്‍ഷത്തേക്കു നിര്‍മിച്ച അണക്കെട്ട് 135 വര്‍ഷം നില നിന്നു എന്നു പറയുമ്പോള്‍ അതിന്റെ സുരക്ഷിതത്വം മാത്രമല്ല എടുത്തുകാണേണ്ടത്. എന്തിനും ഒരു കാലപരിധിയുണ്ട്. അതു കഴിഞ്ഞും നിലനില്ക്കുന്നുവെങ്കില് അതു സുരക്ഷിതമായതുകൊണ്ടാണെന്ന് ആശ്വസിച്ച് മുന്നോട്ടുപോകാനാവില്ലെന്ന് ബന്ധപ്പെട്ട എല്ലാവരും മനസിലാക്കേണ്ടതുണ്ട്.


