കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ വിശ്വാസ്യതകര്ച്ചയിലൂടെയാണ് സമീപകാലത്ത് സേന കടന്നുപോകുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളായി എഴുതിത്തള്ളാനാവാത്തവിധം വര്‍ധിക്കുകയും അത്തരം ഘടകങ്ങളെ സംരക്ഷിക്കുന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തുകയും ചെയ്യുമ്പോള്‍ ജനാധിപത്യ സംവിധാനത്തിന് ഏല്ക്കുന്ന മുറിവ് വളരെ വലുതാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ഉന്നയിച്ച കണക്കുകളും അതിന് മറുപടി നല്കാനാവാതെ മുഖ്യമന്ത്രി നടത്തിയ പ്രതിരോധവും ഈ പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് സേന, സ്വയം ഒരു ഭീഷണിയായി മാറുന്ന കാഴ്ച അത്യന്തം ഖേദകരമാണ്. കസ്റ്റഡി മരണങ്ങള്, അഴിമതി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളില്‍ പ്രതികളാകുന്ന ഉദ്യോഗസ്ഥര്‍, ലഹരിമാഫിയയുമായുള്ള ചങ്ങാത്തം എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് പൊലീസിനെതിരെ തുടര്‍ച്ചയായി ഉയര്‍ന്നുവരുന്നത്. ഓരോ തവണയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍, ‘സേനയുടെ മനോവീര്യം തകര്‍ക്കരുത്’ എന്ന സ്ഥിരം പല്ലവി ഉപയോഗിച്ച് കുറ്റാരോപിതരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാട് യഥാര്‍ത്ഥത്തില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യമാണ് തകര്‍ക്കുന്നത്. കാക്കിക്കുള്ളിലെ ക്രിമിനലുകളെ ഒറ്റപ്പെടുത്തുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യുമ്പോഴാണ് സേനയുടെ യഥാര്‍ത്ഥ മനോവീര്യം ഉയരുന്നത്. അല്ലാത്തപക്ഷം, നിയമലംഘനം നടത്തുന്നതാണ് സ്ഥാനക്കയറ്റത്തിനും സംരക്ഷണത്തിനും എളുപ്പവഴിയെന്ന തെറ്റായ സന്ദേശം സേനക്കുള്ളില്‍ വ്യാപിക്കും.
ഈ പശ്ചാത്തലത്തിലാണ് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ ഗൗരവം വര്‍ധിക്കുന്നത്. 144 പൊലീസ് ഉദ്യോഗസ്ഥരെ ഈ സര്‍ക്കാരിന്റെ കാലത്ത് പിരിച്ചു വിട്ടു എന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ശരിയല്ലെന്നും ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 50-ല്‍ താഴെ പേരെ മാത്രമേ പിരിച്ചുവിട്ടിട്ടുള്ളൂ എന്നും രമേശ് ചെന്നിത്തല രേഖകള്‍ സഹിതം വാദിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്നു. പിരിച്ചുവിട്ട 144 പേരുടെ പട്ടിക സഭയില്‍ വെക്കാന്‍ പ്രതിപക്ഷം വെല്ലുവിളിച്ചിട്ടും അതിന് തയ്യാറാകാത്തത് സംശയങ്ങള്‍ ബലപ്പെടുത്തുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്നത് ചെറിയ ആരോപണമല്ല. ഇത് കേവലം കണക്കുകളിലെ ഒരു തര്‍ക്കം മാത്രമല്ല, മറിച്ച് സര്‍ക്കാര്‍ ഈ വിഷയത്തെ എത്ര നിസ്സാരമായാണ് കാണുന്നത് എന്നതിന്റെ തെളിവാണ്.
ഒരു സര്‍ക്കാരിന്റെ ഏറ്റവും വലിയ അളവുകോല്‍ ആ നാട്ടിലെ നിയമവാഴ്ചയാണ്. പൊലീസ് സേനയുടെ വിശ്വാസ്യതയില്ലാതെ നിയമവാഴ്ച ഉറപ്പാക്കാനാവില്ല. പൊലീസിനെ ഭയത്തോടെയും സംശയത്തോടെയും കാണുന്ന ഒരു സമൂഹത്തിന് നീതി ലഭിക്കുമെന്ന ഉറപ്പ് നഷ്ടപ്പെടുന്നു. പരാതിയുമായി സ്റ്റേഷനിലേക്ക് കയറിച്ചെല്ലുന്ന സാധാരണക്കാരന്, തനിക്ക് നീതി ലഭിക്കുമോ അതോ താന്‍ മറ്റൊരു ഇരയായി മാറുമോ എന്ന ആശങ്കയുണ്ടാകുന്നത് ജനാധിപത്യ രാജ്യത്തിന് അപമാനമാണ്. ഇനിയെങ്കിലും സര്‍ക്കാര്‍ യാഥാര്‍ത്ഥ്യബോധത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. സേനയിലെ ക്രിമിനല്വത്കരണത്തെക്കുറിച്ചുള്ള ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിന് പകരം, കര്‍ശന ശുദ്ധീകരണ പ്രക്രിയക്ക് തുടക്കം കുറിക്കണം.
ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ സുതാര്യമാക്കണം. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ കണക്കുകള്‍ ശരിയാണെങ്കില്‍ ആ പട്ടിക പുറത്തുവിടാന്‍ മടിക്കരുത്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് ഉടനടി പിരിച്ചുവിടുകയും നിയമപരമായ എല്ലാ നടപടികളും വേഗത്തിലാക്കുകയും വേണം. കുറ്റക്കാരായ പൊലീസുകാര്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നു എന്ന പൊതുബോധം മാറ്റിയെടുക്കാന്‍ സര്‍ക്കാരിന് കഴിയണം.
പൊലീസിന്റെ മനോവീര്യം സംരക്ഷിക്കേണ്ടത് തന്നെയാണ്. എന്നാല്‍ അത് കുറ്റവാളികളെ സംരക്ഷിച്ചുകൊണ്ടല്ല, മറിച്ച് സേനയുടെ അന്തസ്സും സത്യസന്ധതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാകണം. നിയമപാലകര്‍ നിയമലംഘകരാകുമ്പോള്‍ തകരുന്നത് ഒരു നാടിന്റെ നീതിബോധമാണ്. അത് വീണ്ടെടുക്കേണ്ടത് സര്‍ക്കാരിന്റെ അടിയന്തര കടമയാണ്. അല്ലെങ്കില്‍, ചരിത്രം ഈ സര്‍ക്കാരിനെ അടയാളപ്പെടുത്തുന്നത് നിയമവാഴ്ചയെ നോക്കുകുത്തിയാക്കിയ ഭരണകൂടം എന്നായിരിക്കും.


