കുവൈത്തില്‍ കനത്ത ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉച്ച വിശ്രമ നിയമം നിരവധി കമ്പനികള്‍ ലംഘിച്ചതായി കണ്ടെത്തി. 64 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. അതേസമയം ഈ കമ്പനികള്‍ക്കെതിരെ നടപടി എടുക്കുന്ന കാര്യത്തില്‍ അധികൃതര്‍ വ്യക്തത വരുത്തിയിട്ടില്ല.
ജൂണില്‍ രാജ്യത്തുടനീളമുള്ള 60 തൊഴില്‍ സ്ഥലങ്ങള്‍ പരിശോധിച്ചതായും 30 കമ്പനികള്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതെ മുന്നറിയിപ്പ് നല്‍കുക മാത്രമാണ് മന്ത്രാലയം ചെയ്തത്.
ജൂലൈയില്‍ നടത്തിയ പരിശോധനയില്‍ 31 കമ്പനികള്‍ നിയമം ലംഘിച്ചതായി കണ്ടെത്തി. ഈ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലെ 11 മണി മുതല്‍ വൈകിട്ട് 4 മണി വരെ വിശ്രമം അനുവദിക്കണമെന്ന് കുവൈത്ത് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മെയ് 31 മുതല്‍ ഓഗസ്റ്റ് അവസാനം വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.


