ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ച് ഇസ്രഈല്‍. ജമ്മുകശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കിയാണ് ഇസ്രാഈല്‍ സൈന്യം ഭൂപടം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഐഡിഎഫ് എക്സില്‍ പോസ്റ്റ് ചെയ്ത ഭൂപടത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. വിവാദമായതോടെ ക്ഷമാപണം നടത്തി ഇസ്രാഈല്‍ സൈന്യം രംഗത്തെത്തിയിരുന്നു.
ഭൂപടത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതില്‍ വീഴ്ച്ചയുണ്ടായെന്നും, തങ്ങള്‍ പങ്കുവെച്ച പോസ്റ്റ് ആ പ്രദേശത്തിന്റെ ഒരു ചിത്രീകരണം മാത്രമാണെന്നും ഈ ചിത്രം മൂലമുണ്ടായ എല്ലാ പ്രശ്നങ്ങള്‍ക്കും ഞങ്ങള്‍ ക്ഷമ ചോദിക്കുന്നുവെന്നും ഇസ്രഈല്‍ പ്രതിരോധ സേന എക്സില്‍ കുറിച്ചു.
എന്നാല്‍, ഐഡിഎഫിന്റെ തെറ്റായ ഭൂപടത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാന് ഒരു ആഗോള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള മാപ്പിലാണ് ഇസ്രയേല്‍ സേന ഇന്ത്യന്‍ പ്രദേശത്തെ തെറ്റായി ചിത്രീകരിച്ചത്.


