താനൊരു ബിരുദധാരിയല്ലെന്നും അതില്‍ ലജ്ജിക്കുന്നില്ലെന്നും നടന് പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് നടന്റെ പ്രതികരണം. എക്സ് പോസ്റ്റിലൂടെയാണ് മോദിയെ പരിഹസിച്ച് താരം രംഗത്തെത്തിയത്. പൊതുജനങ്ങള്‍ക്കും പ്രധാനമന്ത്രിക്കുമയച്ച പൊതുനോട്ടീസ് എന്നു കാണിച്ചായിരുന്നു പ്രകാശ് രാജിന്റെ പോസ്റ്റ്.
”ഞാന്‍ പ്രകാശ് രാജ്, ഞാന്‍ ഒരു ബിരുദധാരി അല്ല. എന്റെ സര്‍ഗാത്മക കരിയറില്‍ ശ്രദ്ധ ചെലുത്തിയതിനാല്‍ ബിരുദം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഒരു ബിരുദധാരിയല്ലാത്തതില് ഞാന്‍ ലജ്ജിക്കുന്നില്ല. അതിനാല്‍ അക്കാര്യം ഞാന്‍ ഒളിച്ചുവെക്കുന്നുമില്ല”-എന്നാണ് പ്രകാശ് രാജ് എക്സില്‍ കുറിച്ചത്.
ഒരു പ്രധാനമന്ത്രിക്ക് ബിരുദമില്ല എന്നത് ഒരു കുറ്റകൃത്യമല്ല. എന്നാല്‍ ബിരുദമുണ്ടെന്ന് കള്ളം പറയുന്നതും സ്ഥാപനങ്ങളെ അക്കാര്യം ഒളിപ്പിക്കാനായി ഉപയോഗിക്കുന്നതും വലിയ കുറ്റകൃത്യമാണെന്നും പ്രകാശ് രാജ് കുറിച്ചു.
പ്രധാനമന്ത്രിയുടെ ബിരുദ വിവരം പുറത്തുവിടേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈകോടതി നിര്‍ദേശിച്ചിരുന്നു. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡല്‍ഹി സര്‍വകലാശാലയോട് നിര്‍ദേശിച്ച വിവരാവകാശ കമീഷന്റെ ഉത്തരവ് ഹൈകോടതി റദ്ദാക്കുകയും ചെയ്തു.


