കൊച്ചി: സംസ്ഥാനത്തെ മലയോര ടൂറിസം മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന (സിംഗിൾ യൂസ്) പ്ലാസ്റ്റിക് നിരോധിക്കാൻ ഹൈക്കോടതി ഉത്തരവ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പ്, സ്ട്രോ, കവറുകൾ, ബേക്കറി ബോക്സുകൾ തുടങ്ങിയവയും മലയോര വിനോദസഞ്ചാര മേഖലകളിൽ ഉപയോഗിക്കുന്നതും വിൽക്കുന്നതും കോടതി നിരോധിച്ചിട്ടുണ്ട്. തിരക്കേറിയ മലയോര ടൂറിസ്റ്റ് മേഖലകളിലാണ് നിരോധനം.
പ്ലാസ്റ്റിക് നിരോധനത്തിനുളള ഏകോപനം ചീഫ് സെക്രട്ടറിയും തദ്ദേശ സെക്രട്ടറിയും ഉറപ്പാക്കണം. നിരോധിത മേഖലകളില്‍ കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിന് കിയോസ്കുകള്‍ സ്ഥാപിക്കണം. വെളളം കുടിക്കുന്നതിനായി സ്റ്റീല്‍, കോപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിക്കണം. ജലാശയങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ തടയണം. പ്ലാസ്റ്റിക്കിന് പകരം സമാന്തര സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണം എന്നിവയാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്.
നിരോധനം ഹോട്ടലുകളുടെ ലൈസൻസ് വ്യവസ്ഥകളുടെ ഭാഗമാക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ നിരോധനം പ്രാബല്യത്തിലാക്കാനാണ് ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, ബി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. നിർദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ മതിയായ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
റെയില്‍വെയ്ക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. വന്ദേഭാരത് ട്രെയിനില്‍ വില്‍ക്കുന്ന വെളളത്തിന്റെ കുപ്പികള്‍ തിരുവനന്തപുരത്ത് വേളിയില്‍ ഉപേക്ഷിച്ചെന്നും ഇത് കായലില്‍ മാലിന്യമായി മാറിയെന്നും ഹൈക്കോടതി പറഞ്ഞു. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം.


