തദ്ദേശസ്ഥാപനങ്ങളുടെ കരട് വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായും തെറ്റുകളുടെ കൂമ്പാരവും അബദ്ധ പഞ്ചാംഗവുമാണ് വോട്ടർ പട്ടികയെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആരോപിച്ചു. ഇവ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിരുകൾക്ക് പുറത്തുള്ള വോട്ടുകൾ വ്യാപകമായി പട്ടികയിൽ ഉൾപ്പെട്ട സാഹചര്യമാണുള്ളത്. വാർഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപന പ്രകാരമുള്ള അതിരുകൾ പരിഗണിച്ചാണ് വോട്ടർ പട്ടിക തയ്യാറാക്കിയത് എന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്. ഇത് പലയിടത്തും ലംഘിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ബോധപൂർവ്വം നടത്തിയ ക്രമക്കേടുകളും പട്ടികയിലെ കെട്ടിട നമ്പറുകൾ മാത്രം പരിഗണിച്ച് പുനഃക്രമീകരിച്ചപ്പോൾ സംഭവിച്ച പിഴവുകളും ഉണ്ട്. നിലവിലുള്ള അസസ്മെന്റ് രജിസ്റ്ററിലെ വീട്ടു നമ്പറുകൾ പ്രകാരമാണ് വോട്ടർപട്ടിക പുനക്രമീകരിച്ചത്. എന്നാൽ പലരുടെയും പഴയ വീട്ടു നമ്പറുകളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. തന്മൂലം ഇത്തരം വോട്ടുകൾ തെറ്റായി പല വാർഡുകളിലേക്കായി മാറിയിട്ടുണ്ട്. വാർഡിന്റെ അതിരുകൾ പ്രകാരം വോട്ടർമാരെ ക്രമീകരിക്കുന്നതിന് കൃത്യമായ സംവിധാനം ഒരുക്കാത്തതിന്റെ പിഴവാണിത്.
ഇവ പരിഹരിക്കുന്നതിന് ഫോറം 7ൽ ഓൺലൈനായി അപേക്ഷ നൽകുക എന്നത് പ്രായോഗികമല്ല. നിലവിൽ തന്നെ പാർലമെന്റ് വോട്ടർപട്ടികയേക്കാൾ 10 ലക്ഷത്തോളം വോട്ടുകൾ തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ കുറവാണ്. ഇത്രയും വോട്ടർമാരെ പുതുതായി ചേർക്കുന്നതിന് 15 ദിവസം അപര്യാപ്തമാണ്. ഇതു സൈറ്റ് തടസ്സപ്പെടുന്നതിന് കാരണമാകും. ഇതിന് പുറമേ പതിനായിരക്കണക്കിന് വോട്ടർമാരെ വാർഡ് മാറ്റുന്നതിന് കൂടി ഓൺലൈനായി നൽകുമ്പോൾ പ്രവർത്തനം പൂർണ്ണമായും താളം തെറ്റും. ആയതിനാൽ അന്തിമ വിജ്ഞാപനത്തിലെ അതിരുകൾ പരിഗണിച്ച്, വാർഡിന് പുറത്തുള്ള വോട്ടർമാരെ യഥാർത്ഥ വാർഡിലേക്ക് മാറ്റുന്നതിന് നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതിന് സംവിധാനമുണ്ടാകണം. ഇത്തരം അപേക്ഷകൾ സെക്രട്ടറിമാർ പരിശോധിച്ചു കൃത്യമായി ക്രമീകരിക്കുന്നതിന് സൗകര്യമൊരുക്കണം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം ഒരു മാസക്കാലമായി ദീർഘിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


