ലഹരിക്കേസില്‍ നടന് ഷൈന്‍ ടോം ചാക്കോയെ വെറുതെ വിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. 2015 ലാണ് കൊക്കയ്നുമായി ഷൈനടക്കം 5 പേര് പിടിയിലാകുന്നത്. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടനും മറ്റ് മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30-നായിരുന്നു സംഭവം.
കാക്കനാട്ടെ ഫോറന്‍സിക് ലാബിലായിരുന്നു ഇവരുടെ രക്ത സാമ്പിളുകള്‍ ആദ്യം പരിശോധനയ്ക്കായി അയച്ചിരുന്നത്. എന്നാല്‍ ഈ പരിശോധനയില്‍ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല.
2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. അറസ്റ്റിലായതിന് പിന്നാലെ താന്‍ കൊക്കെയ്ന്‍ കൈവശം വെച്ചിട്ടില്ലെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞിരുന്നു.
ആകെ 8 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഷൈന്‍ ടോം ചാക്കോയ്ക്കുവേണ്ടി അഭിഭാഷകന് രാമന് പിള്ള കോടതിയില്‍ ഹാജരായി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡിലാണ് ഷൈന്‍ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്നേഹ ബാബു എന്നിവരും പിടിയിലായത്.


