പുതുതായി പടരുന്ന വൈറല്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലും മൃഗങ്ങളില്‍ നിന്നും പകരുന്നതാണെന്ന് ലോക ആരോഗ്യ സംഘടന മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ നടന്ന ചടങ്ങില്‍ വേമ്പനാട്ട് കായലിലെ ജലഗുണനിലവാരം, ജലജന്യ പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
കാലാവസ്ഥാവ്യതിയാനവും പോഷകക്കുറവുള്ള ഭക്ഷണവും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു. ഇന്ത്യയില്‍ ഒരു പരിസ്ഥിതി ആരോഗ്യ നിയന്ത്രണ ഏജന്‍സി സ്ഥാപിക്കണമെന്ന് സൗമ്യ സ്വാമിനാഥന് നിര്‍ദേശിച്ചു. ഇന്ത്യയില്‍ ഏറിയ വിഭാഗവും പോഷകാഹാരത്തിനുള്ള ശേഷിയില്ലാത്തവരാന്നെന്നും പോഷകാഹാരക്കുറവ്, വിളര്‍ച്ച, സൂക്ഷ്മ പോഷക അപര്യാപ്തതകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സൗമ്യ പറഞ്ഞു. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം മൂലം പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലും വര്‍ധിച്ചുവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യ കാലാവസ്ഥാവ്യതിയാനം മൂലം ഏറെ ഭീഷണി നേരിടുന്ന രാജ്യമാണെന്നും പ്രളയം, വരള്‍ച്ച, ചുഴലിക്കാറ്റുകള്‍, കൊടും ചൂട് തുടങ്ങിയവ രാജ്യത്തെ മിക്കവാറും മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്നുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.
ഇത്തരം വെല്ലുവിളികള്‍ നേരിടുന്നതിന് വിവിധ മന്ത്രാലയങ്ങള്‍, വിവിധ ഗവേഷണ ഏജന്‍സികള്‍ എന്നിവരുടെ സംയുകത സഹകരണവും വിവര കൈമാറ്റവും ആവശ്യമാണെന്നും സൗമ്യ സ്വാമിനാഥന് പറഞ്ഞു. കായലിലെ വെള്ളത്തിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനുള്ള വാട്ടര്‍ ക്ലിനിക്, ശുചിത്വരീതികളെ കുറിച്ചുള്ള സര്‍വേ നടത്തുന്നതിനാവശ്യമായ ക്ലെന്‍സ് ആപ്, ജലത്തിന്റെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് ഗവേഷകരെയും പൊതുജനങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമായ അക്വാഡിപ് ആപ്പ്, തീരമേഖലയിലെ ജലജന്യരോഗങ്ങളുമായി ബന്ധപ്പെട്ട ഡേറ്റബേസ് എന്നിവയും പുറത്തിറക്കി.


